ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആറ് ദിവസത്തെ പണിമുടക്ക് സൃഷ്ടിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധി. ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നതോടെ തങ്ങള്‍ക്ക് അധിക സമ്മര്‍ദം നേരിടേണ്ടി വരുന്നതായാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങളുടെ സ്വന്തം പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും ഉയരുന്ന ഡിമാന്‍ഡിന് അനുസരിച്ച് കൂടുതല്‍ അപ്പോയിന്റ്മെന്റ് നല്‍കാന്‍ പ്രാക്ടീസുകള്‍ നിര്‍ബന്ധിതമാകുന്നതായാണ് അവകാശവാദം. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് ആറ് ദിവസത്തെ പണിമുടക്ക് നടത്തിവരുന്നത്. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരങ്ങളാണ് ഇത്. ആശുപത്രികളില്‍ ഏറ്റവും തിരക്കേറിയ സമയത്താണ് ഈ സമരങ്ങള്‍ നടന്നത്.
പണിമുടക്കുകളുടെ പ്രത്യാഘാതം ആഴ്ചകളും, മാസങ്ങളും നീളുമെന്നാണ് കരുതുന്നത്. 200,000 ഓപ്പറേഷനുകളും, അപ്പോയിന്റ്മെന്റുകളും ഈ ഘട്ടത്തില്‍ റദ്ദാക്കിയെന്നാണ് കണക്കാക്കുന്നത്. എന്‍എച്ച്എസ് സേവനങ്ങളുടെ വേഗത തിരികെ പിടിക്കാനും, വളരുന്ന ബാക്ക്ലോഗ് കുറയ്ക്കാനുമായി ചര്‍ച്ചകളില്‍ തിരിച്ചെത്താന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനോട് മന്ത്രിമാര്‍ അഭ്യര്‍ത്ഥിക്കുന്നു. അപ്പോയിന്റ്മെന്റുകള്‍ക്കും, ആരോഗ്യ ഉപദേശങ്ങള്‍ക്കുമായി ജിപി സര്‍ജറികളെ തുടര്‍ന്നു സമീപിക്കാനാണ് ആരോഗ്യ മേധാവികള്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. 'ബുധനാഴ്ച മുതല്‍ ജിപി സര്‍വ്വീസുകളില്‍ സമ്മര്‍ദം വര്‍ദ്ധിച്ചിട്ടുണ്ട്. പുതുവര്‍ഷത്തിന് തിരക്കേറിയ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. വന്‍തോതില്‍ വൈറല്‍ ഇന്‍ഫെക്ഷനുകള്‍ പടരുകയാണ്', ലണ്ടനിലെ എന്‍എച്ച്എസ് ജിപി ഡോ. ഹനാ പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികളെ ആശുപത്രികളില്‍ നിന്നും കുടുംബാംഗങ്ങള്‍ കൂട്ടിക്കൊണ്ട് പോകാന്‍ തയ്യാറായിരിക്കണമെന്ന് എന്‍എച്ച്എസ് അഭ്യര്‍ത്ഥന നടത്തിയിരുന്നു.