ലണ്ടന്‍: യുകെയില്‍ ശൈത്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ച് കൊണ്ട് തണുപ്പേറിയ രാത്രികള്‍ തുടരുന്നു. താപനില യുകെയിലെ ചില ഭാഗങ്ങളില്‍ രാത്രിയോടെ -15 സെല്‍ഷ്യസ് വരെ റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സിലെ ഭാഗങ്ങളില്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച വരെ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 3ന് രേഖപ്പെടുത്തിയ ശൈത്യകാല റെക്കോര്‍ഡായ -12.5 സെല്‍ഷ്യസ് ഇന്ന് രാത്രി തിരുത്തപ്പെടുമെന്നാണ് കരുതുന്നത്. രാവിലെ -9 സെല്‍ഷ്യസിലെത്തിയ താപനില രാത്രിയോടെ -15 സെല്‍ഷ്യസില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. തണുപ്പേറിയ ആര്‍ട്ടിക് കാറ്റ് വീശിയതോടെ നൂറിലേറെ സ്‌കൂളുകള്‍ വിവിധ ഇടങ്ങളിലായി അടച്ചിരുന്നു.
താപനില കൂടുതല്‍ തണുപ്പേറിയതായി മാറിയതോടെ ലണ്ടനിലെ ട്രാഫല്‍ഗാര്‍ സ്‌ക്വയറിലെ ഫൗണ്ടനുകളില്‍ ഐസ് രൂപപ്പെടുന്ന അവസ്ഥ സംജാതമായി. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലായി മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ബ്രിട്ടനിലെ റോഡുകളില്‍ വലിയ തോതില്‍ പ്രതിസന്ധി രൂപപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടങ്ങളുടെ നിര തന്നെ രൂപപ്പെട്ടതോടെ കനത്ത മഞ്ഞില്‍ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വന്‍തോതില്‍ റോഡ് അപകടങ്ങള്‍ വനര്‍ദ്ധിച്ചതായി ലങ്കാഷയര്‍ പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വരെയാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പുകള്‍ നിലവിലുള്ളത്. അതേസമയം യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ തണുപ്പ് ആരോഗ്യ അലേര്‍ട്ട് വെള്ളിയാഴ്ച വരെയും നീട്ടി. നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ ഗുരുതര കാലാവസ്ഥാ മുന്നറിയിപ്പാണ് നാഷണല്‍ ഹൈവേസ് നല്‍കിയിരിക്കുന്നത്.