ലണ്ടന്‍: ഉയര്‍ന്ന കാര്‍ ഇന്‍ഷുറന്‍സില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് യുവ ഡ്രൈവര്‍മാരാണെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ഏകദേശം £3,000 പ്രീമിയം വരെ നല്‍കേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 17-20 വയസ് പ്രായമുള്ളവരുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,000 പൗണ്ടിലധികം വര്‍ദ്ധിച്ചതായി അന്വേഷണത്തില്‍ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന സ്ഥാപനം തയാറാക്കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈ വര്‍ഷം ശരാശരി ഡ്രൈവര്‍മാര്‍ക്ക് കാര്‍ ഇന്‍ഷുറന്‍സില്‍ 58% കൂടുതല്‍ നല്‍കേണ്ടി വരുന്നുണ്ട്. കോവിഡിന് ശേഷമുള്ള ക്ലെയിമുകളും ഉയര്‍ന്ന ജീവിത ചിലവുകളുമാണ് ഇതിന് കാരണമെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം പറയുന്നു.
സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില പഴയതിനേക്കാള്‍ കൂടുതലാണ്. സ്‌പെയര്‍ പാര്‍ട്സുകളുടെ വില, അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തൊഴിലാളികളുടെ ചെലവ് എന്നിവയെല്ലാം ദിനംപ്രതി ഉയരുകയാണ്. ഇവയെല്ലാം കമ്പനികള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ഡ്യൂക്‌സ് പറയുന്നു. കമ്പ്യൂട്ടര്‍ ചിപ്പുകളുടെയും നിര്‍മ്മാണത്തിന് ആവശ്യമായ മറ്റ് സാമഗ്രികളുടെയും ലഭ്യത കുറവുമൂലം പുതിയ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം 2022 മാര്‍ച്ചില്‍ യൂസ്ഡ് കാര്‍ വിപണിയിലെ വില വര്‍ധന 31% ആയാണ് ഉയര്‍ന്നിരിക്കുന്നത്