ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുകെ ഒഴിവാക്കുന്നു. പഠനത്തിനായാലും ജോലിക്കായാലും വലിയ തുക ചെലവാകുന്നുവെന്നാണ് യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന യുകെ ഹോം ഓഫീസ് ഡാറ്റ അനുസരിച്ച്, കര്‍ശനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കാരണം ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ അപേക്ഷിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യക്കുറവുണ്ടെന്ന് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്കുള്ള സ്പോണ്‍സര്‍ ചെയ്ത പഠന വിസകളില്‍ 23% കുറവുണ്ടായതയാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 2024 ജൂണില്‍ 1,10,006 വിസകള്‍ അനുവദിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച 142,693 വിസയില്‍ നിന്ന് 32,687 വിസയുടെ കുറവാണ് രേഖപ്പെടുത്തിയത്. 2019 നും 2023 നും ഇടയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിരമായ വര്‍ദ്ധനവിന് ശേഷമാണ് ഇപ്പോള്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി യുകെയെ ഇഷ്ടപ്പെടുന്നുവെന്ന് നേരത്തെയുള്ള കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. പിജി ചെയ്യുന്നതിനായാണ് വിദ്യാര്‍ഥികള്‍ കൂടുതലായും യുകെ തെരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ വിസ ലഭിക്കുന്ന 81% പേരും ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല യുകെയ്ക്ക് നേരെ കണ്ണടയ്ക്കുന്നത്. നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വിസകളില്‍ 46% കുറവുണ്ടായതായും യുകെ ഹോം ഓഫീസ് പുറത്തുവിട്ട ഡാറ്റയില്‍ വ്യക്തമാണ്. നിലവിലെ കണക്കനുസരിച്ച് യുകെയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ മൂന്നാമത്തെ വലിയ ഗ്രൂപ്പായി പാകിസ്ഥാന്‍ മാറിയിട്ടുണ്ട്. 2019 നും 2023 നും ഇടയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവില്‍ ഭൂരിഭാഗവും ഇന്ത്യന്‍, നൈജീരിയന്‍ പൗരന്മാരില്‍ നിന്നുള്ളവരായിരുന്നു, എന്നാല്‍ രാജ്യങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
എന്റോള്‍മെന്റിനും സാമ്പത്തിക സ്ഥിരതയ്ക്കും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ വളരെയധികം ആശ്രയിക്കുന്ന യുകെ സര്‍വ്വകലാശാലകള്‍ക്ക് സംഖ്യയിലെ ഈ പെട്ടെന്നുള്ള ഇടിവ് കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം.ആശ്രിതര്‍ക്കുള്ള വിസ നയങ്ങള്‍ അടുത്തിടെ യുകെ സര്‍ക്കാര്‍ കര്‍ശനമാക്കിയതാണ് സ്റ്റുഡന്റ് വിസ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഗവേഷണ അധിഷ്ഠിത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അവരുടെ പങ്കാളികളെയും കുട്ടികളെയും യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. ഈ നയം മാറ്റം 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ന്റെ ആദ്യ പകുതിയില്‍ നല്‍കിയ ആശ്രിത വിസകളുടെ എണ്ണത്തില്‍ 81% ഇടിവ് രേഖപ്പെടുത്തുന്നതിന് വഴിയൊരുക്കി. വിദ്യാര്‍ഥികളുടെ കാര്യമെടുത്താല്‍ ബിരുദാനന്തര ബിരുദം പഠിക്കുന്നവര്‍ക്ക് പങ്കാളിയെ കൊണ്ടുപോകാനുള്ള നിയമം നേരത്തെ ഉണ്ടായിരുന്നു. സ്റ്റുഡന്റ് വിസയില്‍ 2022-23 കാലഘട്ടത്തില്‍ അഞ്ച് ലക്ഷത്തോളം പേരാണ് അവിടെയെത്തിയത്. അങ്ങിനെ എത്തിയവരില്‍ പകുതിയും ഇന്ത്യക്കാരും ചൈനക്കാരുമൊക്കെയാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച 20 മണിക്കൂര്‍ വരെയും ആശ്രിതര്‍ക്ക് 60 മണിക്കൂര്‍ വരെയും ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച്, ഇനിമുതല്‍ ഗവേഷണ കേന്ദ്രീകൃത ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളികളെ കൊണ്ടുപോകാന്‍ കഴിയൂ