ലണ്ടന്‍: പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും സമ്മര്‍ദ്ദം മൂലം തങ്ങളുടെ പ്രഖ്യാപനങ്ങളില്‍ നിന്ന് പിന്നോട്ട് പോകേണ്ട അവസ്ഥയിലാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍. പി.ആര്‍. (Permanent Residency) ലഭിക്കാനായി കാത്തിരിക്കേണ്ട കാലാവധി ഇരട്ടിയാക്കുന്ന നടപടിയാണ് ഇപ്പോള്‍ പിന്‍വലിക്കേണ്ടിവരുന്നത്. ഹോം സെക്രട്ടറിയായ ഷബാന മഹമൂദ് അവതരിപ്പിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗം ശക്തമായി രംഗത്തെത്തി. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നറാണ് ഈ വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്. 'ഇത്തരമൊരു നയം ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ല' എന്ന നിലപാടിലാണ് അവര്‍. നിലവില്‍ പി.ആര്‍. ലഭിക്കാന്‍ 5 വര്‍ഷം താമസിക്കണമെന്നതാണ് നിബന്ധന. എന്നാല്‍ പുതിയ പദ്ധതിപ്രകാരം ഇത് 10 വര്‍ഷമായി വര്‍ധിപ്പിക്കുമായിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 20 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന മുന്‍കാല പ്രാബല്യവും വലിയ തിരിച്ചടിയായി. ഇതിനകം ബ്രിട്ടനില്‍ കഴിയുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഇത് ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഐ.എല്‍.ആര്‍. (Indefinite Leave to Remain) ഇല്ലാതെ വെല്‍ഫെയര്‍ ആനുകൂല്യങ്ങളും സോഷ്യല്‍ ഹൗസിംഗും ലഭിക്കില്ല. കുട്ടികളില്‍ ദാരിദ്ര്യം വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്. റെയ്നര്‍ ഇതിനെ 'പാര്‍ട്ടിയുടെ ധാര്‍മ്മിക നിലപാട് ദുര്‍ബലപ്പെടുത്തുന്ന നീക്കം' എന്ന് വിശേഷിപ്പിച്ചു. സമ്മര്‍ദ്ദ ഗ്രൂപ്പായ സ്‌കില്‍ മൈഗ്രന്റ്‌സ് അലയന്‍സ് നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. ഗാര്‍ഡന്‍കോര്‍ട്ട് ചേംബേഴ്സ് നിയമ സ്ഥാപനത്തിലെ സഹ മേധാവി സൊണാലി നായിക്ക് കെ.സി.യാണ് കേസിന് നേതൃത്വം നല്‍കുന്നത്. ഹോം ഓഫീസിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ നിരവധി കേസുകളില്‍ വിജയിച്ചിട്ടുള്ള സ്ഥാപനമാണിത്.