ലണ്ടന്‍: രാജ്യത്തെ സുരക്ഷിത ജീവിതം ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജൂത സംഘടനയുടെ കീഴിലുള്ള ആംബുലന്‍സ് കത്തിച്ചതടക്കമുള്ള ഭീകരാക്രമണങ്ങള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നടന്നതായി വാര്‍ത്തകള്‍.
ഇപ്പോള്‍ കൗമാരക്കാരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇറാന്‍ ചാരസംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൈമാറുന്നത് ടെലഗ്രാം വഴി. യുവാക്കളെ ചേര്‍ക്കാനുള്ള പരസ്യങ്ങള്‍ 'ടാസ്‌ക്' എന്ന പേരില്‍ പ്രചരിക്കുന്നു. തന്ത്രപ്രധാന ഇടങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തുക മുതല്‍ അതിക്രമങ്ങള്‍ വരെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 500 പൗണ്ടില്‍ തുടങ്ങി പണം വാഗ്ദാനം ചെയ്യുന്നുവെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലൂടെ സ്ഥലവിവര ശേഖരണം, നാശനഷ്ടങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ ചുമതലകള്‍ കൗമാരക്കാര്‍ക്ക് നല്‍കുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. മുമ്പ് ഇസ്രയേലിലും ഇത്തരത്തില്‍ യുവാക്കളെ ഉപയോഗിച്ച് ദൃശ്യങ്ങളും രഹസ്യവിവരങ്ങളും ഇറാന്‍ ചാരസംഘടനകള്‍ നേടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.