ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് ഹീത്രോ വിമാനത്താവളം അടച്ചിട്ട സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് യുകെയുടെ എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് ഉത്തരവിട്ടു. നാഷനല്‍ എനര്‍ജി സിസ്റ്റം ഓപ്പറേറ്ററുടെ (എന്‍ഇഎസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം യുകെയുടെ ഊര്‍ജ്ജ പ്രതിരോധശേഷിയെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുകയും ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് എനര്‍ജി സെക്യൂരിറ്റി വകുപ്പും നെറ്റ് സീറോയും പറഞ്ഞു. പൊട്ടിത്തെറിയെ തുടര്‍ന്ന് ഏകദേശം 18 മണിക്കൂറാണ് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചിടേണ്ടി വന്നത്. വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നത് സബ്സ്റ്റേഷനില്‍ നിന്നായിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വൈദ്യുതി ലഭിക്കാത്തത് മൂലം ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്. സര്‍വീസ് റദ്ദാക്കല്‍ ലോകമെമ്പാടുമുള്ള ആയിരകണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്.
വിമാനത്താവളത്തില്‍നിന്ന് ഏകദേശം 3.2 കിലോമീറ്റര്‍ അകലെയുള്ള സബ്സ്റ്റേഷനിലാണ് വ്യാഴാഴ്ച അര്‍ധരാത്രിക്കു തൊട്ടുമുന്‍പ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഏകദേശം ഏഴ് മണിക്കൂര്‍ വേണ്ടിവന്നു. സബ്സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് ലണ്ടന്‍ അഗ്‌നിശമന സേന അന്വേഷണം നടത്തിയെങ്കിലും യാതൊരു തകരാറുകളും അധികൃതര്‍ കണ്ടെത്തിയിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വൈദ്യുതി തടസ്സത്തില്‍ 16,300 ലധികം വീടുകളില്‍ വൈദ്യുതി മുടങ്ങുകയും പരിസരപ്രദേശങ്ങളില്‍ നിന്ന് ഏകദേശം 150 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഹീത്രോ വിമാനത്താവളത്തില്‍ നേരിട്ട യാത്രാ തടസത്തില്‍ വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് വോള്‍ഡ്‌ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താല്‍ക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു.