ലണ്ടന്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണുമായ മമത ബാനര്‍ജിക്ക് എതിരെ ലണ്ടനില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വ്യാഴാഴ്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ വച്ചാണ് സംഭവം നടന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ കെല്ലോഗ് കോളേജില്‍ പ്രസംഗിക്കുന്നതിനിടെയാണ് മമയുടെ പ്രസംഗം തടസപ്പെടുത്താന്‍ ഒരുകൂട്ടം പ്രതിഷേധക്കാര്‍ ശ്രമം നടത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമം, ആര്‍ജി കാര്‍ കോളേജ് സംഭവം, ആശുപത്രി സാമ്പത്തിക അഴിമതി എന്നിവ ഉന്നയിച്ച് കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പെട്ടെന്നുണ്ടായ പ്രതിഷേധ പരിപാടിയില്‍ സദസ് ഒന്നാകെ അമ്പരന്നുപോയ സാഹചര്യമായിരുന്നു. മമതയുടെ പ്രസംഗം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ വലിയ രീതിയില്‍ ബഹളം വയ്ക്കുകയായിരുന്നു.
എന്നാല്‍ മമത ബാനര്‍ജിയാവട്ടെ സാഹചര്യം പക്വതയോടെയാണ് കൈകാര്യം ചെയ്തത്. പ്രതിഷേധക്കാരോട് മാന്യമായാണ് മമത പെരുമാറിയത്. മാത്രമല്ല പ്രസംഗം മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കാനും ബംഗാള്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. അപ്രതീക്ഷിത പ്രതിഷേധത്തില്‍ സദസിലുണ്ടായിരുന്ന അതിഥികള്‍ ആദ്യം ഞെട്ടിയെങ്കിലും മമതയുടെ പ്രതികരണത്തെ അവര്‍ കൈയ്യടിച്ചു കൊണ്ടാണ് സ്വീകരിച്ചത്.'നമ്മുടെ സംസ്ഥാനത്ത് (പശ്ചിമ ബംഗാളില്‍) ശക്തി വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളുടെ പാര്‍ട്ടിയോട് പറയുക, അങ്ങനെ അവര്‍ക്ക് ഞങ്ങളോടൊപ്പം പോരാടാന്‍ കഴിയും' എന്നായിരുന്നു മമതയുടെ മറുപടി. ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാല്‍ വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സദസില്‍ ഉണ്ടായിരുന്നു.മമത ബാനര്‍ജിയുടെ ലണ്ടന്‍ സന്ദര്‍ശന വേളയില്‍ വ്യവസായവും വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, സന്ദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം കെല്ലോഗ് കോളേജിലെ ഈ പ്രസംഗമായിരുന്നു. അവിടെയാണ് പ്രതിഷേധവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ എത്തിയത്.
എന്നാല്‍ സദസിലെ ശേഷിക്കുന്ന ആളുകളുടെ കൂട്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഹാളില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും സാമൂഹിക വികസനത്തെക്കുറിച്ച് കെല്ലോഗ് കോളേജില്‍ സംസാരിക്കാനാണ് മമതയെ ക്ഷണിച്ചത്.ആര്‍ജി കര്‍ ആശുപത്രി കേസിനോടുള്ള പ്രതിഷേധക്കാരുടെ ചോദ്യത്തിന് മമത മറുപടി നല്‍കി. 'കുറച്ചുകൂടി ഉച്ചത്തില്‍ സംസാരിക്കൂ, എനിക്ക് നിങ്ങളെ കേള്‍ക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം ഞാന്‍ കേള്‍ക്കും. ഈ കേസ് തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്കറിയാമോ? ഈ കേസ് അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനാണ്, കേസ് ഇനി ഞങ്ങളുടെ കൈകളിലല്ല' എന്നായിരുന്നു മമതയുടെ മറുപടി. അതേസമയം, ലണ്ടനിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പുറമേ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മമതയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. അതിനിടെ അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന് പിന്നാലെ പങ്കുവച്ച എക്സ് പോസ്റ്റില്‍ മമത ബാനര്‍ജി ബംഗാള്‍ കടുവയെ പോലെ ആണെന്നായിരുന്നു ടിഎംസി വിശേഷിപ്പിച്ചത്.