ലണ്ടന്‍: യുകെയില്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് രോഗികളില്‍ നിന്നും പണം ഈടാക്കിയതായി പരാതി. സംഭവത്തില്‍ ഹെല്‍ത്ത് ട്രസ്റ്റ് അന്വേഷണം ആരംഭിച്ചു. നോര്‍ത്തേണ്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എന്‍എച്ച്എസില്‍ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങള്‍ ഡോക്ടറിന്റെ സ്വകാര്യ സേവനം ഉപയോഗിച്ചത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തിയത് തങ്ങളെ ബാധിച്ചതായി മാതാപിതാക്കള്‍ പറയുന്നു.
അതേസമയം എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോ. അനീഷ് നിഷേധിച്ചു. നിലവില്‍ തനിക്ക് അസുഖമുണ്ടെന്നും തനിക്ക് ഇഷ്ടമുള്ളതുപോലെ മാതാപിതാക്കളെ കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കിയ മാതാപിതാക്കളെ കാണാനും അവരോട് ക്ഷമ ചോദിക്കാനും ആഗ്രഹിക്കുന്നുവെന്നും ഡോ. അനീഷ് കൂട്ടിച്ചേര്‍ത്തു. സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന ആന്‍ട്രിം ഏരിയ ഹോസ്പിറ്റലില്‍ താന്‍ ഡോ. അനീഷിന്റെ കണ്‍സള്‍ട്ടേഷനായി 850 പൗണ്ട് നല്‍കിയതായി ഒരു രക്ഷിതാവ് ആരോപിച്ചു. നോര്‍ത്തേണ്‍ ഹെല്‍ത്ത് ട്രസ്റ്റില്‍ എന്‍എച്ച്എസ് ജോലി ചെയ്ത് കൊണ്ടിരിക്കെ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോ. അനീഷ് പിന്നീട് ട്രസ്റ്റില്‍ നിന്നും ജോലി ഉപേക്ഷിച്ചു. ചില രക്ഷിതാക്കള്‍ സ്വകാര്യ സേവനത്തിനായി ആയിരക്കണക്കിന് പൗണ്ട് നല്‍കിയതായും പക്ഷേ തുടര്‍ പരിചരണമോ മരുന്നോ ലഭിക്കാത്തത് തങ്ങളെ അസ്വസ്ഥതരാക്കിയെന്നും പറഞ്ഞു.
ഡോക്ടര്‍ അനീഷിനെക്കുറിച്ച് നിരവധി മാതാപിതാക്കള്‍ സമൂഹമാധ്യമത്തില്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ഡോ. അനീഷ് രോഗികളില്‍ നിന്ന് പണം ഈടാക്കിയിട്ടുണ്ടെന്ന പരാതി വളരെ ഗൗരവമായി എടുത്തതായും ഇത് പരിശോധിച്ചു വരുന്നതായും നോര്‍ത്തേണ്‍ ട്രസ്റ്റ് അറിയിച്ചു.