പോര്‍ട്ട്ലീഷ്: ബാങ്കിങ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്‍ഡ് (BPFI) സംഘടിപ്പിച്ച യൂറോപ്യന്‍ മണി ക്വിസ് മത്സരത്തില്‍ റിഷേല്‍ ട്രീസ അലക്‌സാണ്ടര്‍, ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി. അയര്‍ലന്‍ഡിലെ വിവിധ സ്‌കൂളുകളില്‍ നിന്നും 1200 ല്‍ പരം ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് പോര്‍ട്ട്ലീഷിലെ സ്‌കോയില്‍ ക്രിയോസ്റ്റ് റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ ഇരുവരും വിജയികളായത്.
13-15 വയസ്സ് വരെയുള്ള കുട്ടികളില്‍ സാമ്പത്തിക സാക്ഷരതയും അവബോധവും വളര്‍ത്തുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും BPFI ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലാണ് ഇവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മെയ് മാസത്തില്‍ ബ്രസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ഫൈനലില്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാനുള്ള സുവര്‍ണ്ണാവസരവും റിഷേലിന്റെ ടീമിന് കൈവന്നിരിക്കുകയാണ്. പോര്‍ട്ട്ലീഷിലെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ റിഷേല്‍, മേരിബറോ വില്ലേജില്‍ താമസിക്കുന്ന രാജേഷ് അലക്‌സാണ്ടറിന്റെയും ലിന്‍ഡ രാജേഷിന്റെയും മകളാണ്. ഏകസഹോദരന്‍ റിഹാന്‍ സെന്റ് മേരീസ് സിബിഎസില്‍ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയാണ് .