ലണ്ടന്‍: സ്വന്തം വിവാഹത്തിന് വ്യത്യസ്തമായ ഒരു എന്‍ട്രി നടത്തി സൈനികന്‍. 5,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തിയാണ് ബ്രിട്ടീഷ് ആര്‍മി വെറ്ററന്‍ സ്വന്തം വിവാഹ വേദിയിലേക്ക് എത്തിയത്. പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ വിവാഹ റിസപ്ഷനായി രാത്രി നടത്തിയ പാര്‍ട്ടിയില്‍ നൃത്തം ചെയ്തപ്പോളാണ് ആ ചാട്ടത്തില്‍ തന്റെ കാല്‍ ഒടിഞ്ഞതായി അദ്ദേഹം തിരിച്ചറിഞ്ഞത്. 31 വയസ്സുള്ള എഡ്ഡി റൂഡ് എന്ന വരന്‍, ബ്രിട്ടീഷ് ആര്‍മിയുടെ എലൈറ്റ് പാരച്യൂട്ട് ഡിസ്‌പ്ലേ ടീമായ 'ദി ടൈഗേഴ്സ്' ടീമില്‍ അംഗമാണ്.
വിവാഹത്തിന്റെ തലേന്ന്, തന്റെ നാല് സഹ പാരാട്രൂപ്പര്‍മാരോടൊപ്പമാണ് റൂഡ് അതീവ അപകട സാധ്യതയുള്ള ഈ അഭ്യാസം നടത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം അവിസ്മരണീയമാക്കി തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു റൂഡ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍, അപകടകരമായ ഒരു ദുരന്തത്തില്‍ അത് കലാശിച്ചുവെന്ന് മാത്രം. പാര്‍ട്ടിക്കിടയില്‍ വധു കസാന്‍ഡ്രയ്ക്കൊപ്പം നൃത്തം ചെയ്യാനായി ഒരുങ്ങിയപ്പോഴാണ് തന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
സ്‌കൈ ഡൈവ് നടത്തിയ സമയത്ത് തനിക്ക് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നില്ലെന്നും തുടര്‍ന്നും ചടങ്ങുകളില്‍ സന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും റൂഡ് പറയുന്നു. എന്നാല്‍, പതിയെ കാലിന് നീര് വച്ചുവെന്നും ആശുപത്രിയിലെത്തി എക്‌സറേ എടുത്തപ്പോഴാണ് കാലിന് പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. 2015 -ല്‍ സ്‌കൈ ഡൈവിംഗ് ആരംഭിച്ചതിന് ശേഷം ഏകദേശം 1,000 ജമ്പുകള്‍ പൂര്‍ത്തിയാക്കിയ റൂഡ്, പത്ത് വര്‍ഷത്തെ ജമ്പിംഗിന് ഇടയിലുള്ള തന്റെ ആദ്യ പരിക്കാണെന്നും പറയുന്നു. എന്നാല്‍ പരിക്ക് കാര്യമാക്കുന്നില്ലെന്നും ഹവായിയില്‍ ഹണിമൂണില്‍ മറ്റൊരു ഡൈവിനായി താന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.