Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
 
 
UK Special
  Add your Comment comment
സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറി, പ്രൈമാര്‍ക്ക് സിഇഒ രാജിവച്ചു
reporter

ലണ്ടന്‍: പൊതുഇടത്തില്‍ സഹപ്രവര്‍ത്തകയോടുള്ള പെരുമാറ്റം മോശമായെന്ന് പരാതിയെ തുടര്‍ന്ന് യുകെയിലെ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ പ്രൈമാര്‍ക്കിന്റെ തലവനും സിഇഒയുമായ പോള്‍ മര്‍ച്ചന്റ് രാജി വച്ചു.പ്രൈമാര്‍ക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ബ്രിട്ടിഷ് ഫൂഡ്സ് (എബിഎഫ്) നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രാജി. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പോലെ തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് അംഗീകരിക്കുകയും പ്രതീക്ഷിച്ച നിലവാരത്തേക്കാള്‍ താഴെയാണ് പ്രൈമാര്‍ക്കില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടായ വളര്‍ച്ചയെന്ന് ബോധ്യപ്പെടുകയും ചെയ്തതായി പോള്‍ മര്‍ച്ചന്റ് പറഞ്ഞു. പോള്‍ മര്‍ച്ചന്റ് അന്വേഷണവുമായി സഹകരിക്കുകയും ഇരയോട് മാപ്പ് പറയുകയും ചെയ്തതായി എബിഎഫ് ചീഫ് എക്‌സിക്യൂട്ടീവ് ജോര്‍ജ് വെസ്റ്റണ്‍ പറഞ്ഞു.

പോള്‍ മര്‍ച്ചന്റിന്റെ പ്രവര്‍ത്തിയില്‍ താന്‍ കടുത്ത നിരാശയിലാണെന്നും ഏതൊരു പദവിയില്‍ ഇരിക്കുന്ന ആളായാലും സഹപ്രവര്‍ത്തകരോടും മറ്റുള്ളവരോടും ബഹുമാനത്തോടും മാന്യതയോടും പെരുമാറണമെന്നും നമ്മുടെ സംസ്‌കാരം ഏതൊരു വ്യക്തിയേക്കാളും വലുതായിരിക്കണമെന്നും ജോര്‍ജ്ജ് വെസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു. പ്രൈമാര്‍ക്കിന്റെ സ്ഥാപകനായ ആര്‍തര്‍ റയാനില്‍ നിന്ന് 2009 ലാണ് പ്രൈമാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവായി പോള്‍ മര്‍ച്ചന്റ് ചുമതലയേറ്റത്. ആഗോളതലത്തില്‍ 452 ഷോപ്പുകള്‍ ഉള്ള പ്രൈമാര്‍ക്കിന് യുകെയില്‍ മാത്രം വിവിധ സ്ഥലങ്ങളിലായി 192 ഷോപ്പുകള്‍ ഉണ്ട്. യുകെയില്‍ എത്തുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇന്ത്യന്‍ വസ്ത്രങ്ങള്‍ വാങ്ങുവാന്‍ കഴിയുന്ന ഷോപ്പുകളില്‍ ഒന്നാണ് പ്രൈമാര്‍ക്ക്. യുകെയില്‍ പ്രൈമാര്‍ക്ക് എന്നും അയര്‍ലന്‍ഡില്‍ പെന്നിസ് എന്നും അറിയപ്പെടുന്ന പ്രൈമാര്‍ക്ക് ഷോപ്പുകള്‍ 1969 ലാണ് അയര്‍ലന്‍ഡില്‍ ആണ് തങ്ങളുടെ ആദ്യ ഷോപ്പ് ആരംഭിച്ചത്.

 
Other News in this category

 
 




 
Close Window