തൊടുപുഴ: തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് വീട്ടി. ഷൈനിയും രണ്ട് പെണ്‍മക്കളും ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399 രൂപ) കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് വഴി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി. ജേക്കബ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഷൈനിക്ക് കുടുംബശ്രീയില്‍ 95,225 രൂപയാണ് കടമുണ്ടായിരുന്നത്. കടം വീട്ടിയ ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പുരോഗിയായ വരകില്‍ വീട്ടില്‍ വി.കെ ഷാജിക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ബീന റോബി മുഖേന നല്‍കി.
ഷൈനിയുടെ കടം വീട്ടുന്നതിന് നടത്തിയ സഹായത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അതൊന്നും കാര്യമാക്കാതെ സഹകരിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് നന്ദി അറിയിച്ചു. കൂലിപ്പണിക്കാരായ 13 കുടുംബശ്രീ കുടുംബങ്ങള്‍ക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നതായിരുന്നു ഇടുക്കി ചാരിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ധനശേഖരണത്തില്‍ സഹകരിച്ച യുകെയിലെ സൗത്ത് എന്‍ഡില്‍ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയര്‍ ജിമ്മി ചെറിയാന്‍, ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ്, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ബിജു ജോര്‍ജ് എന്നിവര്‍ക്ക് ഭാരവാഹികള്‍ നന്ദി പറഞ്ഞു. യുകെ മലയാളികളായ തമ്പി ജോസ്, സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് സംഘടനയുടെ ഭാരവാഹികള്‍