|
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അടുപ്പമുണ്ടെന്നു മനസ്സിലായപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവിന്റെ മൊഴി. അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന്റെ മൊഴി വിശദീകരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അയര്‍ലന്‍ഡില്‍ എത്തും മുന്‍പ് ദീപ ലണ്ടനില്‍ ഭാര്യ ജോലി ചെയ്തിരുന്നു. അവിടെയുള്ള ഒരാളുമായി ദീപ അടുപ്പത്തിലായിരുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ ചാറ്റ് കണ്ടെത്തി. ഇതാത് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായെന്ന് റെജിന്‍ രാജന്‍ കോടതിയില്‍ പറഞ്ഞു. കര്‍ണാടകയിലെ ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശികളുടെ മകളാണു ദീപ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ താമസമായിരുന്ന മലയാളിയാണ് റെജിന്‍ രാജന്‍. പ്രതിയായ റെജിന്‍ രാജന്‍ ചോദ്യം ചെയ്യലിലും കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന പ്രത്യേക സിറ്റിങിലും ആദ്യം കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല.
ദീപ ദിനമണി (38)യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ്, ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന് (41) എതിരെ കുറ്റം ചുമത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചതും. കോര്‍ക്കിലെ എയര്‍പോര്‍ട്ട് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയര്‍ലന്‍ഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഭര്‍ത്താവിനെയും മകനെയും ദീപ അയര്‍ലന്‍ഡില്‍ ആശ്രിത വീസയില്‍ എത്തിക്കുകയായിരുന്നു.
ഇന്ത്യയിലുള്ള ദീപയുടെ സഹോദരന്‍, മകന്‍ റെയാന്‍ ഷാ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി ഓണ്‍ലൈനായാണ് എടുത്തത്. കൊലപാതകം നടത്തും മുന്‍പ് റെജിന്‍ കൊലപാതകത്തിന് അയര്‍ലന്‍ഡില്‍ ലഭിക്കുന്ന ശിക്ഷ, ജയിലിലെ സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് ഗൂഗിള്‍ സേര്‍ച്ച് നടത്തിയതായി പൊലീസ് കോടതിയില്‍ മൊഴി നല്‍കി. കൊലപാതക ശേഷം റെജിന്‍ എഴുതിയ ഒരു കത്തും, കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കത്തിയും പൊലീസ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. 8,50,000 പേജുള്ള കുറ്റപത്രവും ഫൊറന്‍സിക് തെളിവുകളും 110 മൊഴികളും ഉള്‍പ്പെടുന്ന രാജ്യാന്തര തലത്തില്‍ നടന്ന അന്വേഷണം വളരെ സങ്കീര്‍ണ്ണമായ ഒന്നായിരുന്നുവെന്ന് കേസ് അന്വേഷിച്ച ആംഗ്ലീസിയ സ്ട്രീറ്റ് ഗാര്‍ഡ (പൊലീസ്) സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജേസണ്‍ ലിഞ്ച് പറഞ്ഞു. |