ലണ്ടന്‍: യുകെയിലെ ഏഷ്യന്‍ പൈതൃകമുള്ളവരുടെ വീടുകള്‍ തുടര്‍ച്ചയായി കൊള്ളയടിക്കപ്പെടുന്നതായി പരാതി. വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണമാണ് കള്ളന്മാരുടെ ലക്ഷ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. 2025 ജനുവരി 21 മുതല്‍ മാര്‍ച്ച് 16 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി നടന്ന മോഷണ കേസുകളില്‍ പത്തോളം വീടുകളില്‍ നിന്നും മോഷ്ടിക്കപ്പെട്ടത് സ്വര്‍ണാഭരണങ്ങളാണെന്ന് നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ പൊലീസ് അറിയിച്ചു.
ഇരകളെല്ലാം ഏഷ്യന്‍ പൈതൃകത്തില്‍ പെട്ടവരാണെന്നും ഇവര്‍ പൊതുഇടങ്ങളില്‍ ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നോക്കി വച്ച ശേഷമാണ് ഇരകളെ പിന്തുടര്‍ന്ന് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. യോര്‍ക്കിലെ ഫുള്‍ഫോര്‍ഡില്‍ ഒരു ഇരയുടെ 1,00,000 പൗണ്ട് (ഏകദേശം ഒരു കോടി പത്ത് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക) വിലമതിക്കുന്ന സ്വര്‍ണം മോഷ്ടിക്കപ്പെട്ടു. ഇരയുടെ മകള്‍ തലമുറകളായി ആഭരണങ്ങള്‍ സ്വരുക്കൂട്ടിയിരുന്നതിനാലും അത് അവളുടെ വരാനിരിക്കുന്ന വിവാഹത്തില്‍ ധരിക്കാന്‍ പോകുന്നതിനാലും ഈ സ്വത്ത് ആ കുടുബത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ വേറെയൊരു ഇരയുടെ സ്യൂട്ട്‌കേസ് മോഷ്ടിക്കപ്പെട്ടു. അതില്‍ 6000 പൗണ്ട് പണവും 6,000 പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങളും മരണപ്പെട്ട ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവയും ഉണ്ടായിരുന്നു. ഹെവര്‍ത്തിലെ കിര്‍ഖാം അവന്യൂവില്‍ നടന്ന മോഷണങ്ങളിലൊന്നില്‍ വീടിനുള്ളിലെ സിസി ടിവിയില്‍ നിന്നും ലഭിച്ച മുഖം മൂടിയണിഞ്ഞ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇവിടെയും സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. സിസിടിവിയില്‍ പതിഞ്ഞിരിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ തരാന്‍ കഴിയുന്നവര്‍ മുന്നോട്ട് വരണമെന്ന് നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
അന്വേഷണത്തെ സഹായിക്കാന്‍ കഴിയുന്നവര്‍ carl.barnes@northyokrshire.police.uk എന്ന ഇമെയില്‍ വിലാസത്തിലോ നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ പൊലീസിനെ 101 ല്‍ വിളിച്ച് 19.03.2025/ഓപ് അട്രാക്ഷന്‍ ലോഗ് 287 ഉദ്ധരിച്ചോ വിവരങ്ങള്‍ കൈമാറാമെന്ന് പൊലീസ് പറഞ്ഞു. 0800 555 111 എന്ന നമ്പര്‍ വഴിയും വെബ്സൈറ്റ് വഴിയും അജ്ഞാതമായും ക്രൈംസ്റ്റോപ്പേഴ്സിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാമെന്ന് പൊലീസ് അറിയിച്ചു. യുകെയിലൂടനീളം നടക്കുന്ന സ്വര്‍ണ കവര്‍ച്ചകളുടെ കുതിച്ചുചാട്ടം ആശങ്കാജനകമാണെന്നും കവര്‍ച്ചക്കരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ പൊലീസിലെ ഡിറ്റക്റ്റീവ് ചീഫ് ഇന്‍സ്പെക്ടര്‍ ഷോണ്‍ പേജ് പറഞ്ഞു. അതുപോലെ വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതില്‍ ലളിതമായ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും ഷോണ്‍ പേജ് കൂട്ടിച്ചേര്‍ത്തു.
മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മോഷണ വാര്‍ത്തകള്‍ യുകെയിലെ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ ഇന്ത്യന്‍ സമൂഹമാണ് ഇത്തരത്തില്‍ വ്യാപകമായി സ്വര്‍ണം ഉപയോഗിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് മോഷണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും യുകെയിലുടനീളമുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലും മറ്റും സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു നടക്കുന്നത് പോലെ യുകെയില്‍ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.