ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ഗെയിമര്‍മാരുടെ ഗണത്തിലേക്ക് കേവലം 17 വയസ്സിനുള്ളില്‍ ഇടംപിടിച്ച അലക്‌സ് ഹെന്‍ഷായുടെ മരണത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പേയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സ്‌കൂളിലെ ഗണിത പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് അലക്‌സ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട്. ഫലം വന്ന ഒരു മാസത്തിനു ശേഷമായിരുന്നു ആത്മഹത്യ. പക്ഷേ ജീവനൊടുക്കിയതിന്റെ തൊട്ടടുത്ത ദിവസം പുനഃപരിശോധനയില്‍ അലക്‌സ് ജയിച്ചതായി റിപ്പോര്‍ട്ട് വന്നു. ഇതു സംബന്ധിച്ച ഇമെയില്‍ അമ്മയ്ക്ക് ലഭിച്ചപ്പോഴും അലക്‌സ് ഈ ലോകം വിട്ടുപോയിരുന്നു. ഓട്ടിസം ബാധിതനായ അലക്‌സ് വേള്‍ഡ് ഓണ്‍ലൈന്‍ ഗെയിമിങ് ടൂര്‍ണമെന്റില്‍ അഞ്ചാം സ്ഥാനം നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ലോക ഗെയിമിങ് ടൂര്‍ണമെന്റുകളില്‍ ആദ്യ പത്തില്‍ ഇടം നേടിയാണ് അലക്‌സ് ഗെയിമിങ് പ്രേമികളെ ഞെട്ടിച്ചത്.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അലക്‌സിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പിതാവിനൊപ്പം ജപ്പാന്‍ സന്ദര്‍ശിക്കുന്നതിനും ഗെയിമിങ് ഡിസൈനിങ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനും അലക്‌സ് ആഗ്രഹിച്ചിരുന്നു. ക്ലാസിന് മുന്നില്‍ പ്രസന്റേഷന്‍ നടത്താനും അലക്‌സിന് പേടിയുണ്ടായിരുന്നു. ഇതും മനോസംഘര്‍ഷത്തിന് കാരണമായി. ഒരു പക്ഷേ അലക്‌സ് ജീവനൊടുക്കാന്‍ ഇതും കാരണമായി എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിനാണ് അലക്‌സ് ആത്മഹത്യ ചെയ്തത്. ശാരീരികമായ പരിമിതികളെ അതിജീവിച്ചാണ് അലക്‌സ് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയിരുന്നതെന്ന് കുടുംബം അനുസ്മരിച്ചു.