ലണ്ടന്‍: മെഡിക്കല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന് തുര്‍ക്കിയിലെ വിദൂര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനമാണ് അടിയന്തരമായി തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഏകദേശം 16 മണിക്കൂറിലധികമാണ് യാത്രക്കാര്‍ ഇവിടെ കുടുങ്ങിയത്. മെഡിക്കല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ഇതേ തുടര്‍ന്ന് 200-ലധികം ഇന്ത്യന്‍ യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. നിലത്തിറക്കുന്നതിനിടെ വിമാനത്തിന് തകരാര്‍ സംഭവിച്ചതായും എയര്‍ലൈന്‍ ജീവനക്കാര്‍ അറിയിച്ചു.
അതേസമയം തുര്‍ക്കിയില്‍ നിന്നുള്ള യാത്രയെക്കുറിച്ച് യാത്രക്കാര്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പകരം വിമാനത്തിനുള്ള ക്രമീകരണത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. വിമാനത്തില്‍ വച്ച് ഒരു യാത്രക്കാരന് പരിഭ്രാന്തി ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 200 ലേറെ ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇതുവരെ താമസ സൗകര്യം ലഭിച്ചിട്ടില്ലെന്നും, ആശയവിനിമയമില്ലാതെ പകുതി ശൂന്യമായ ഒരു ടെര്‍മിനല്‍ കെട്ടിടത്തില്‍ ഞങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങള്‍ക്കിടയില്‍ ചെറിയ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട് എന്നും യാത്രക്കാരില്‍ ചിലര്‍ സമൂഹമാധ്യമത്തില്‍ പറഞ്ഞു.