Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ തരംഗമായ നാടന്‍ ചാരായം ഇനി കൊച്ചിയിലും
reporter

കൊച്ചി: ''സാധനം കയ്യിലുണ്ടോ?'' വിദേശത്തു നിന്നെത്തിയാല്‍ കൂട്ടുകാരില്‍ നിന്നു വ്യംഗ്യാര്‍ഥത്തില്‍ നേരിടേണ്ടി വരുന്ന ചോദ്യം. ഏതു രാജ്യത്തു നിന്നെത്തിയാലും കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഇനി ഒരു അടിപൊളി ബ്രാന്‍ഡ്. യുകെയില്‍ എങ്ങും ഹിറ്റായ മലയാളികളുടെ ഇഷ്ട വാറ്റ് ചാരായം മണവാട്ടി ഇനി കൊച്ചി ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങാം. വാറ്റു കുടിക്കാന്‍ മോഹിച്ചിട്ടും കണ്ണു പോകുമോ എന്ന പേടികൊണ്ട് ഒഴിവാക്കിയിരുന്നവര്‍ക്കും ഇതൊരു അവസരമാകും. ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ അറാക്ക് (വാറ്റ് ചാരായം) ആണ് ''മണവാട്ടി''. യുകെയില്‍ ഉന്നത സുരക്ഷാമാനദണ്ഡങ്ങളോടെ ഉല്‍പാദിപ്പിക്കുന്ന തനിനാടന്‍ വാറ്റാണ് സംഗതി. തനി നാടനാണെങ്കിലും ആദ്യമായാണ് ''ഇവള്‍'' ജന്മനാട്ടിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. യുകെയിലുള്ള പ്രവാസി ഇന്ത്യക്കാരും തദ്ദേശിയരും ഇതിനകം തന്നെ ''മണവാട്ടി''യെ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്തായാലും സംഗതി 'സൊയമ്പന്‍' സാധനമാണെന്ന് ഉപയോഗിച്ച യുകെ മലയാളികളും സാക്ഷ്യപ്പെടുത്തുന്നു.

യുകെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അടിക്കടിയുള്ള പരിശോധനകളില്‍ നിരന്തരം ഗുണനിലവാരം നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ വാറ്റുകളില്‍ ഒന്നാണ് ''മണവാട്ടി'' എന്നതില്‍ സംശയമില്ല. പൂര്‍ണമായും ധാന്യത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഈ വാറ്റില്‍ 44% ആല്‍ക്കഹോള്‍ ആണുള്ളത്. അത്രയും സ്‌ട്രോങ്ങ് ആണെങ്കിലും സ്മൂത്താണ് ''മണവാട്ടി''. കൃത്രിമ ഗന്ധമോ നിറമോ ചേര്‍ക്കാതെ നിര്‍മിക്കുന്ന ''മണവാട്ടിയില്‍'', പഞ്ചസാര, കൊഴുപ്പ്, അന്നജം എന്നിവ പൊടിപോലുമില്ല. തീര്‍ത്തും നാച്ചുറല്‍ ആയ മണവും രുചിയുമാണ് മണവാട്ടിയുടേത്. പേരിന്റെ കഥ പ്രകൃതിദത്ത ഊര്‍ജം എന്നര്‍ഥമുള്ള ''മന''യും കാലാകാലങ്ങളായി കള്ളു പുളിപ്പിക്കാന്‍ നാടന്‍വാറ്റുകാര്‍ ഉപയോഗിക്കുന്ന രീതികള്‍ സൂചിപ്പിക്കുന്ന ''വാറ്റി''യും ചേര്‍ത്താണ് നിര്‍മാതാക്കള്‍ ഇതിനു ''മണവാട്ടി'' എന്ന പേരു നല്‍കിയിരിക്കുന്നതത്രെ.

ജോണ്‍ സേവ്യറിന്റെ കഥ 21 വര്‍ഷം മുന്‍പു കൊച്ചി കടവന്ത്രയില്‍ നിന്നു യുകെയിലേയേക്കി കുടിയേറിയ ജോണ്‍ സേവ്യറാണ് കേരളത്തിലെ കള്ളിന്റെയും വാറ്റിന്റെയും രുചി വിദേശികള്‍ക്കു പരിചയപ്പെടുത്തിയത്. നോര്‍ത്താംപ്ടണില്‍ അദ്ദേഹം തുറന്ന നാടന്‍ കള്ളുഷാപ്പ് വിദേശത്തും നാട്ടിലും ഒരുപോലെ വൈറലായിരുന്നു. എല്ലാ സീസണിലും മദ്യത്തിനും ബിയറിനും മികച്ച ഡിമാന്‍ഡ് ഉള്ള ഇടമാണ് യുകെ. എന്നിട്ടും ഇന്ത്യന്‍ ശൈലിയിലുള്ള ഒരു മദ്യബ്രാന്‍ഡ് പോലും അവിടെയില്ലല്ലോ എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു ബിസിനസ് ആശയം ഉദിക്കുന്നത്. അങ്ങനെ 2019ല്‍ അദ്ദേഹം അവിടെ ലണ്ടന്‍ ബാരന്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുകയും 2023 മുതല്‍ ഇന്ത്യന്‍, കേരളീയ ശൈലികളില്‍ നിര്‍മിച്ച മദ്യം വിപണിയിലെത്തിക്കുകയും ചെയ്തുതുടങ്ങി.

വാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ''കണ്ണടിച്ചു പോകുമോ'' എന്ന ഭയമില്ലാതെ തന്നെ പ്രായപൂര്‍ത്തിയായ ആര്‍ക്കും ഉത്തരവാദിത്തത്തോടുകൂടി ''മണവാട്ടി'' നുണയാം. കേരളത്തില്‍ വാറ്റിന്റെ നിര്‍മാണത്തിനും ഉപയോഗത്തിനും വിലക്കുണ്ടെങ്കിലും, വിദേശരാജ്യങ്ങളില്‍ ഇങ്ങനെ നാടന്‍ ശൈലിയില്‍ വാറ്റിയുണ്ടാക്കുന്ന മദ്യത്തിന് വന്‍ ഡിമാന്‍ഡ് ആണ്. ശ്രീലങ്കയ്ക്കും ജപ്പാനും ജോര്‍ദാനുമൊക്കെ അവരുടെ തനതായ വാറ്റുകള്‍ ഉണ്ട്. അതിനെല്ലാം ആഗോളതലത്തില്‍ ആവശ്യക്കാരും ഏറെയുണ്ട്. ഉത്തരേന്ത്യയില്‍ ''ദേശി ദാരു''വായും കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ''വാറ്റ്'' ആയും ഇന്ത്യയിലും ഇതൊക്കെ ഉണ്ടങ്കിലും, വാണിജ്യാടിസ്ഥാനത്തില്‍ തീര്‍ത്തും സുരക്ഷിതമായ ഒരു ഉല്‍പ്പന്നം പുറത്തിറങ്ങുന്നത് ഇതാദ്യമായാണ്. മായവും വിഷാംശങ്ങളും ഇല്ലാതെ നാടന്‍ വാറ്റ് നുണയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ''മണവാട്ടി.''

തനിനാടന്‍ വാറ്റ് രീതിക്കൊപ്പം യുകെയിലെ അത്യാധുനിക മദ്യനിര്‍മാണ സംവിധാനങ്ങളും കൂടി പ്രയോജനപ്പെടുത്തിയാണ് മണവാട്ടിയുടെ പിറവി. ''മണവാട്ടിയുടെ'' വേറിട്ട രുചിയും ഗന്ധവും വിദേശികളുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. യുകെയിലുള്ള പ്രവാസി മലയാളികളുടെ മനസ്സില്‍ ''മണവാട്ടി'' എന്നാല്‍ വെറും ലഹരി മാത്രമല്ല നാടിന്റെ ഗൃഹാതുര ഓര്‍മകളുണര്‍ത്തുന്നതുകൂടിയാണ്. കേരളത്തിലും സമൂഹമാധ്യമങ്ങളില്‍ ''മണവാട്ടി'' വലിയ ചര്‍ച്ചയാണ്. യുകെയില്‍ നിന്ന് വരുന്നവര്‍ നാട്ടിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി ''മണവാട്ടിയെയും'' കൂടെ കൊണ്ടുവരാന്‍ തുടങ്ങി. എങ്കിലും ഇപ്പോഴും വളരെ ചുരുക്കം ആളുകള്‍ മാത്രമേ കേരളത്തില്‍ ''മണവാട്ടി'' വാറ്റ് ഇതുവരെ രുചിച്ചിട്ടുള്ളു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മണവാട്ടി എത്തിയതോടെ ആ സ്ഥിതി മാറിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു ഇനിമുതല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി ''മണവാട്ടി''യെ കൂടെക്കൂട്ടാം. വിമാനം കയറുന്നതിനു മുന്‍പ് ഏത് ബ്രാന്‍ഡ് വാങ്ങണമെന്ന ആശയക്കുഴപ്പവും ലഗ്ഗേജിന്റെ ഭാരം കൂടുമോ എന്ന ആശങ്കയും ഒഴിവാക്കുകയും ചെയ്യാം. നികുതി, ഇറക്കുമതിതീരുവ തുടങ്ങിയ നൂലാമാലകളുമില്ലെന്നു ജോണ്‍ സേവ്യര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window