വയനാട്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ച സംഭവത്തില്‍ പ്രവാസി മലയാളികളായ രണ്ട് പേര്‍ ഉള്‍പ്പെട്ടത് സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി മാറി. വയനാട് അമ്പലവയല്‍ സ്വദേശിയും യുകെയിലെ പോര്‍ട്‌സ്മൗത്ത് മലയാളിയുമായ അഖില്‍ അലക്‌സ് (28), വയനാട് നടവയല്‍ സ്വദേശിനിയും സൗദിയിലെ മദീന മലയാളിയുമായ ടീന ബിജു (27) എന്നിവരാണ് മരിച്ചത്. ജൂണ്‍ 16 ന് നാട്ടില്‍ വച്ച് ഇരുവരും വിവാഹം കഴിക്കാന്‍ ഇരിക്കെയാണ് ദാരുണമായ അന്ത്യം.
അല്‍ ഉല സന്ദര്‍ശിച്ചു മടങ്ങങ്ങവേ ഇരുവരും സഞ്ചാരിച്ചിരുന്ന വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. അഖിലിന്റെയും ടീനയുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോവുകയായിരുന്നു എന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അല്‍ ഉലയില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. ഇരുവരും അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്താന്‍ ഉള്ള ഒരുക്കത്തില്‍ ആയിരുന്നു. ഇരുവരുടെയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നാട്ടില്‍ നടക്കവേയാണ് അഖിലിന്റെയും ടീനയുടെയും വീട്ടുകാരെയും ബന്ധുക്കളെയും തേടി നടുക്കുന്ന അപകട വാര്‍ത്തയെത്തുന്നത്.
മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സാണ് നടവയല്‍ നെയ്ക്കുപ്പ കരിക്കൂട്ടത്തില്‍ ബിജു-നിസി ജോസഫ് ദമ്പതികളുടെ മകളായ ടീന. നടവയലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ അമ്പലവയല്‍ ഇളയിടത്ത് മഠത്തില്‍ അലക്‌സാണ്ടര്‍-സീന (ഷീജ) ദമ്പതികളുടെ മകനായ അഖില്‍ ചെന്നൈ, ലണ്ടന്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം യുകെയില്‍ ഐടി എന്‍ജിനീയറായി ജോലി ചെയ്യുക ആയിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് അഖില്‍ യുകെയില്‍ എത്തുന്നത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്. മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്‌സിന്‍ ആശുപത്രിയിലാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മദീന ആശുപത്രിയിലേക്ക് മാറ്റും. മരിച്ച മറ്റു മൂന്നു പേര്‍ സൗദി സ്വദേശികളാണ്.