ലണ്ടന്‍/തൃശൂര്‍: സ്‌കോട്ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ്. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോ സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റി എംഎസ് സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്ന ആബേല്‍ തറയില്‍ (24) ആണ് ആത്മഹത്യ ചെയ്തത്. റെയില്‍വേ ട്രാക്ക് പരിസരം, ട്രെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമായ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആത്മഹത്യ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ആബേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ന് വടൂക്കര ശ്മശാനത്തില്‍ ആയിരുന്നു സംസ്‌ക്കാരം. മാര്‍ച്ച് 12 ബുധനാഴ്ച രാത്രി 9.30ന് സ്‌കോട്ട് റെയില്‍വേ അധികൃതരാണ് റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയ ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും കൈമാറിയത്. യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള സ്റ്റിര്‍ലിങിനും അലോവയ്ക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആബേല്‍ ആത്മഹത്യ ചെയ്തതാണ് എന്ന നിലപാട് തുടക്കം മുതല്‍ പൊലീസ് സ്വീകരിച്ചുവെങ്കിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാംഗങ്ങളും സഹപാഠികളും വ്യക്തമാക്കിയിരുന്നു. മരണത്തിന് പിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്ന് കുടുംബാംഗങ്ങള്‍ രേഖാമൂലം അവശ്യപ്പെട്ടിരുന്നു. ഇതിനായി സഹായം അഭ്യര്‍ഥിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, സ്‌കോട്‌ലന്‍ഡ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എഡിന്‍ബര്‍ഗ് എന്നിവര്‍ക്ക് നിവേദനം കൈമാറിയിരുന്നു.
തൃശൂര്‍ അയ്യന്തോള്‍ എസ്എന്‍ പാര്‍ക്ക് തറയില്‍ ഹൗസില്‍ പരേതനായ വിമുക്തഭടന്‍ ടി. യു. ശശീന്ദ്രന്റെയും തൃശൂര്‍ മെഡിക്കല്‍ കോളജിലെ റിട്ട. ഹെഡ് നഴ്‌സ് എം. എസ്. പദ്മിനിയുടെയും മകനാണ് ആബേല്‍. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് ഹെഡായി ജോലി ചെയ്യുന്ന അബിറാം തറയില്‍ ആണ് ഏക സഹോദരന്‍. ഡോ. കാര്‍ത്തിക പ്രദീപ് ആണ് സഹോദര ഭാര്യ. തൃശൂര്‍ സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ പഠനത്തിന് ശേഷമാണ് സ്‌കോട്‌ലന്‍ഡിലെ സ്റ്റിര്‍ലിങ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി വീസയില്‍ ആബേല്‍ എത്തിയത്. പഠനത്തിന് ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ആയിരുന്ന ആബേല്‍ അത്‌ലീറ്റീക് കോച്ചായും സെയില്‍സ് അഡൈ്വസറായും ജോലി ചെയ്തു വരികയായിരുന്നു.
സ്‌കോട്‌ലന്‍ഡ് മലയാളിയും പൊതുപ്രവര്‍ത്തകനുമായ സുനില്‍ പായിപ്പാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ക്ക് മുന്‍കൈ എടുത്തത്. ഇതിനായി ഗോ ഫണ്ട് പ്ലാറ്റ്‌ഫോമിലൂടെ 6,000 പൗണ്ട് ലക്ഷ്യത്തില്‍ ഫണ്ട് ശേഖരണം നടത്തിയെന്ന് മിഥുന്‍ കെ. മോഹനന്‍, സുനില്‍ പായിപ്പാട് എന്നിവര്‍ അറിയിച്ചു. ഏകദേശം 4,674 പൗണ്ട് ശേഖരിക്കാനായെന്നും മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി ഇത് വിനിയോഗിച്ചുവെന്നും ഇരുവരും പറഞ്ഞു. ആബേലിന്റെ ബന്ധുക്കള്‍ ആരും തന്നെ യുകെയില്‍ ഇല്ലാത്തതിനാല്‍ തുടര്‍നടപടികള്‍ ക്രോഡീകരിക്കുവാന്‍ സ്‌കോട്‌ലന്‍ഡിലെ പൊതുപ്രവര്‍ത്തകനായ സുനില്‍ പായിപ്പാടിനെയാണ് കുടുംബാംഗങ്ങള്‍ നെക്സ്റ്റ് ഓഫ് കിന്‍ ആയി ചുമതലപ്പെടുത്തിയിരുന്നത്.