ലിവര്‍പൂള്‍: യുകെയിലെ ലിവര്‍പൂളില്‍ വീടിന് തീപിടിച്ച് 13 വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.42 ന് പ്രെസ്‌കോട്ടിലെ കിങ്സ്വേയിലെ വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലാണ് തീപിടിത്തം ഉണ്ടായതെന്ന് മെഴ്സിസൈഡ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും 5 സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 13 വയസ്സുകാരി ലൈല അല്ലന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞെങ്കിലും വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും 5 സഹോദരങ്ങളും രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സമീപ സ്ഥലങ്ങളിലേക്ക് തീ പടരാനുള്ള സാധ്യത പരിശോധിച്ചെന്നും നിലവില്‍ അപകടകരമായ സാഹചര്യം ഇല്ലെന്നും പൊലീസ് അറിയിച്ചു.
ലൈല അല്ലന്റെ കുടുംബത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പിന്തുണ തുടരുന്നുവെന്നും അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് പൊലീസ് സേനയും മെഴ്‌സിസൈഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും ഉള്‍പ്പെട്ട സംയുക്ത അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. എല്ലാവരുടെയും ജീവിതത്തില്‍ ലൈല വെളിച്ചമായിരുന്നുവെന്നും ചുറ്റുമുള്ളവര്‍ക്ക് പുഞ്ചിരി സമ്മാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ടിക് ടോക്കില്‍ സജീവമായിരുന്ന ലൈലയ്ക്ക് മേക്കപ്പിലും ഡ്രോയിങിലും വലിയ താല്‍പര്യമായിരുന്നുവെന്നും മികച്ച കലാകാരി ആയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.