ബര്‍മിങ്ങാം: റോഡിന്റെ വശങ്ങളിലും മാലിന്യങ്ങള്‍ നിറഞ്ഞ ബാഗുകള്‍ കെട്ടിക്കിടക്കുന്നു. ഇവയ്ക്ക് ചുറ്റും ഓടിക്കളിച്ച് നടക്കുന്ന എലികള്‍ റോഡിലും പരിസര പ്രദേശങ്ങളിലും ശല്യമായി മാറിയിരിക്കുന്നു. പറഞ്ഞു വരുന്നത് ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ്. യുകെയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബര്‍മിങ്ങാമാണ് ആ നഗരം. ഏകദേശം 17,000 ടണ്‍ മാലിന്യമാണ് നഗരത്തിലെ റോഡിന്റെ വശങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്നാണ് ബര്‍മിങ്ങാം നിവാസികളുടെ പ്രധാന ആവശ്യം. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം അവസാനത്തോടെ സമരം തുടങ്ങിയതാണ് ഈ പ്രതിസന്ധിക്ക് കാരണം.
മാലിന്യം കുന്നുകൂടിയതോടെ എലികള്‍ പെരുകി റോഡിലും പരിസരത്തും ശല്യമുണ്ടാക്കുന്നു. എലികളെ കൂടാതെ പൂച്ചകളും കുറുക്കന്മാരും മാലിന്യം തേടിയെത്തുന്നുണ്ട്. പുഴുക്കളും കീടങ്ങളും നിറഞ്ഞതോടെ നഗരവാസികളുടെ ആരോഗ്യം അപകടത്തിലായി. പകല്‍ വെളിച്ചത്തില്‍ പോലും എലികള്‍ ഓടിനടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ആരംഭിച്ചത്. ഇത് നഗരത്തിലെ മാലിന്യ നീക്കത്തെ കാര്യമായി ബാധിച്ചു. പകുതിയില്‍ താഴെ മാത്രം മാലിന്യ വണ്ടികളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
കൗണ്‍സില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുനഃസംഘടനയുടെ ഭാഗമായി ചില ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 8,000 യൂറോ വരെ നഷ്ടപ്പെടുമെന്ന് യൂണിറ്റ് യൂണിയന്‍ പ്രതിനിധികള്‍ ആരോപിക്കുന്നു. 59 വയസ്സുകാരനായ ഡ്രൈവറും യൂണിയന്‍ അംഗവുമായ വെയ്ന്‍ ബിഷപ് തനിക്ക് ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞു. എന്നാല്‍, ബര്‍മിങ്ങാം സിറ്റി കൗണ്‍സില്‍ യൂണിയന്‍ വാദങ്ങളെ നിഷേധിച്ച് തൊഴിലാളികള്‍ക്ക് ന്യായമായ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും മാലിന്യ ശേഖരണ സേവനം നവീകരിക്കുന്നതിനും ജീവനക്കാരുടെ മാറ്റം അനിവാര്യമാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
നഗരത്തിലെ മോശം അവസ്ഥയില്‍ തനിക്ക് ആശങ്കയുണ്ടെന്ന് സിറ്റി കൗണ്‍സിലര്‍ മുഹമ്മദ് ഇദ്രീസ് പറഞ്ഞു. വ്യാവസായിക പൈതൃകത്തിനും വിവിധ സംസ്‌കാരങ്ങളുടെ സംഗമത്തിനും പേരുകേട്ട ബര്‍മിങ്ങാമിന്റെ പ്രതിച്ഛായയെ സമരം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യം നിറഞ്ഞ തെരുവുകള്‍ നഗരത്തില്‍ ആരോഗ്യപരമായ അപകടങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുട്ടികളെ പുറത്തേക്ക് വിടാന്‍ ഭയമാണെന്ന് താമസക്കാര്‍ പറയുന്നു. ദുര്‍ഗന്ധം കാരണം മൂന്ന് വയസ്സുള്ള മകന്‍ ഛര്‍ദ്ദിക്കാറുണ്ടെന്ന് ഏബല്‍ മിഹായ് എന്ന 23 വയസ്സുകാരന്‍ പറഞ്ഞു. മാലിന്യ പ്രശ്‌നം ഇപ്പോള്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിനും രാഷ്ട്രീയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍, ബര്‍മിങ്ങാമിലെ സ്ഥിതി അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം സമ്മതിച്ചു.