ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പകരം തീരുവ', 'അമേരിക്ക ആദ്യം' തുടങ്ങിയ നയങ്ങള്‍ ലോകനേതാക്കള്‍ക്കിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെ, സംഭവത്തില്‍ പ്രതികരണത്തിന് ഒരുങ്ങി യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ 'ആഗോളവല്‍ക്കരണത്തിന്റെ യുഗം അവസാനിച്ചു' എന്ന് കെയ്മര്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും യുഎസ് പ്രസിഡന്റിന്റെ തീരുമാനങ്ങളെ ശരിവയ്ക്കുന്ന ഒരു വിഭാഗം എതിര്‍ചേരിയില്‍ ഉണ്ടെന്ന കാര്യം മറക്കുന്നില്ലെന്നും സ്റ്റാര്‍മര്‍ സൂചിപ്പിച്ചതായാണ് യുകെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തത്. ''ആഗോളവല്‍ക്കരണം ഗുണകരമല്ല എന്ന് ധാരാളം തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ വ്യാപാരയുദ്ധമല്ല അതിനുള്ള പരിഹാരം. വ്യത്യസ്തമായൊരു പരിഹാരം അതിനുണ്ടെന്നു തെളിയിക്കാനുള്ള അവസരമുണ്ട്.''- സ്റ്റാര്‍മര്‍ പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വതന്ത്ര വ്യാപാരവും കൂട്ട കുടിയേറ്റവും യാതൊരു ഗുണവുമുണ്ടാക്കിയില്ലെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ അനുയായികള്‍ക്കിടയില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ സാമ്പത്തിക ദേശീയനയം ശ്രദ്ധേയമായി എന്നും സ്റ്റാര്‍മര്‍ വിശദീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
''നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചിലത് ട്രംപ് ചെയ്തു, എന്നാല്‍ അദ്ദേഹത്തിന്റെ പിന്നില്‍ ജനം അണിനിരക്കുന്നതിന് കാരണങ്ങളുണ്ട്. ലോകം മാറി, ആഗോളവല്‍ക്കരണം അവസാനിച്ചു, ഇപ്പോള്‍ നാമൊരു പുതു യുഗത്തിലാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കാന്‍ ഈ ലേബര്‍ സര്‍ക്കാരിന് കഴിയും''- സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ 'പകരം തീരുവ' പ്രഖ്യാപനത്തോടെ വിപണി കുത്തനെ ഇടിഞ്ഞത് ലോകരാഷ്ട്ര തലവന്മാര്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും അതൃത്പി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്റ്റാര്‍മറിന്റെ പ്രസംഗം ട്രംപിന്റെ നയങ്ങള്‍ക്കെതിരായ ഒരു ലോകനേതാവിന്റെ ശക്തമായ ഇടപെടലാകുമെന്നാണ് കരുതുന്നത്. അതോടൊപ്പം യുകെയുടെ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാകുനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.