ലണ്ടന്‍: സഹോദരിയില്‍ നിന്നും ലഭിച്ച ഗര്‍ഭപാത്രത്തില്‍ ആദ്യകുഞ്ഞിന് ജന്മം നല്‍കി ബ്രിട്ടനിലെ യുവതി. രാജ്യത്ത് ആദ്യമായാണ് മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്നും വിജയകരമായി ഒരു കുഞ്ഞ് പിറക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ആകെ അഭിമാനമാകുന്ന നേട്ടമാണിത്. നോര്‍ത്ത് ലണ്ടനില്‍ താമസിക്കുന്ന സ്‌കോട്ടിഷ് യുവതി ഗ്രേയ്‌സിനും ആന്‍ഗസിനുമാണ് സഹോദരി എയ്മിയില്‍ നിന്നും ലഭിച്ച ഗര്‍ഭപാര്‍ത്രത്തില്‍ തങ്ങളുടെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഭാഗ്യമുണ്ടായത്. 2023ലായിരുന്നു ഗ്രേയ്‌സ് ഡേവിഡ്‌സണ്‍ എന്ന യുവതി സഹോദരിഎയ്മിയില്‍ നിന്നും ഗര്‍ഭപാത്രം സ്വീകരിച്ചത്. ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ രാജ്യത്തെ 15 ക്ലിനിക്കല്‍ ട്രയലുകളില്‍ ഒന്നായിരുന്നു ഇത്. എല്ലാം വിജയകരമായി പരിണമിച്ചതോടെ ഫെബ്രുവരിയില്‍ ഗ്രേയ്‌സ് തന്റെ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭപാത്രം സമ്മാനിച്ച സഹോദരിയുടെ പേരുതന്നെയാണ് അവര്‍ കുഞ്ഞിന് നല്‍കിയത്- എയ്മി.
ഈ വിവരങ്ങള്‍ ഒന്നും പുറത്തു പറയാതിരുന്ന ദമ്പതിമാര്‍ എല്ലാം ശുഭകരമായി ഭവിച്ചതോടെയാണ് ബിബിസി വഴി ഈ സന്തോഷവാര്‍ത്ത ലോകത്തോടു പങ്കുവച്ചത്. രണ്ടു മക്കള്‍ ഉണ്ടായ ശേഷമായിരുന്നു എയ്മി സഹോദരിക്കായി തന്റെ ഗര്‍ഭപാത്രം ദാനം ചെയ്തത്. 2014ലാണ് ലോകത്ത് ആദ്യമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്നും ഒരു കുഞ്ഞു ജനിച്ചത്. സ്വീഡനിലായിരുന്നു മെഡിക്കല്‍ രംഗത്തെ ഈ അത്ഭുത വിജയം. അതിനുശേഷം സമാനമായ 135 വിജയകഥകള്‍ ലോകത്തുണ്ടായി. അമേരിക്ക, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ടര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ വിജയകരമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ഈ ഗണത്തിലേക്കാണ് ബ്രിട്ടനും അണിചേരുന്നത്.