Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
റഷ്യ ആക്രമിക്കുമെന്ന് ബ്രിട്ടന്‍, പൗരന്മാരോട് കരുതലിന് നിര്‍ദേശം നല്‍കി
reporter

ലണ്ടന്‍: റഷ്യ എന്താണെന്നും റഷ്യക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും കൃത്യമായി അറിയാവുന്ന രാജ്യമാണ് ബ്രിട്ടന്‍. എന്നിട്ടും യുക്രെയ്ന്‍ വിഷയത്തില്‍, വൈകാരികമായി ഇടപെട്ട് റഷ്യക്ക് എതിരെ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ചാണ് ആ രാജ്യം മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ അമേരിക്ക പിറകോട്ടടിച്ചിട്ടും ബ്രിട്ടനും ഫ്രാന്‍സുമൊന്നും യുക്രെയ്നെ സഹായിക്കുന്നത് നിര്‍ത്തിയിട്ടില്ല. ഇതോടെ റഷ്യയുടെ കോപത്തിന് ഇരയാവുമെന്ന് കണ്ട് സ്വപ്നത്തില്‍ പോലും ഞെട്ടി ഉണരേണ്ട അവസ്ഥയാണ് ബ്രിട്ടിഷ് ഭരണകൂടത്തിനുള്ളത്. റഷ്യന്‍ ഭയമാണ് ബ്രിട്ടന്‍ ഭരണാധികാരികളുടെ ഉറക്കം കൊടുത്തുന്നത്. ബ്രിട്ടന്റെ ഊര്‍ജ്ജ പൈപ്പ് ലൈനുകള്‍ റഷ്യ അട്ടിമറിച്ചേക്കാമെന്നും ഇത് വന്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നുമാണ് ബ്രിട്ടന്‍ ഭരണകൂടം സ്വന്തം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടനിലെ എല്ലാ കുടുംബങ്ങളും 72 മണിക്കൂര്‍ അടിയന്തര അതിജീവന കിറ്റുകള്‍ തയ്യാറാക്കണമെന്നാണ് പേര് വെളിപ്പെടുത്താത്ത സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാശ്ചാത്യ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് റഷ്യ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ടെങ്കിലും ഭയം വിട്ടുമാറാത്ത ബ്രിട്ടീഷ് ഭരണകൂടം ഇതൊന്നും മുഖവിലക്കെടുക്കാതെ സ്വന്തം ജനതയെ ഭീതിയിലാഴ്ത്തി പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.

ബ്രിട്ടീഷ് ടാബ്ലോയിഡ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ശൈത്യകാലത്ത് ബ്രിട്ടന്റെ ഊര്‍ജ്ജ സംവിധാനം നിരവധി വെല്ലുവിളികള്‍ നേരിടുകയും വൈദ്യുതി തടസ്സത്തിന്റെ വക്കിലെത്തുകയും ചെയ്തിട്ടുണ്ട്. അടിയന്തര കരുതല്‍ ശേഖരത്തെയും ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വൈദ്യുതി ഇറക്കുമതിയെയും ആശ്രയിച്ചാണ് അവര്‍ ആ ഘട്ടത്തില്‍ വൈദ്യുതി വിതരണം നിലനിര്‍ത്തിയിരുന്നത്. പുനരുപയോഗ ഊര്‍ജ്ജത്തിന് അനുകൂലമായി ഫോസില്‍ ഇന്ധനങ്ങളും ആണവ നിലയങ്ങളും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കവും സ്ഥിതി നിലവില്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അതേസമയം, ബ്രിട്ടനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ റഷ്യന്‍ കപ്പലുകള്‍ അട്ടിമറിക്കുമെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ബ്രിട്ടീഷ് കുടുംബങ്ങള്‍ മൂന്ന് ദിവസത്തെ അതിജീവന കിറ്റ് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള യുറോപ്യന്‍ യൂണിയന്റെ ഉപദേശം പാലിക്കണമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറഞ്ഞതെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയുണ്ട്. കിറ്റുകളില്‍ വെള്ളം, കേടാകാത്ത ഭക്ഷണം, മരുന്നുകള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ, ഒരു ഫ്ലാഷ്‌ലൈറ്റ്, തിരിച്ചറിയല്‍ രേഖകള്‍, ഒരു സ്വിസ് ആര്‍മി കത്തി എന്നിവ ഉള്‍പ്പെടണമെന്നാണ് നിര്‍ദ്ദേശം.

വടക്കന്‍ കടലില്‍ റഷ്യക്കാര്‍ സജീവമാണെന്നും നമ്മുടെ ഊര്‍ജ്ജ ബന്ധങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് ശക്തിയുണ്ടെന്നുമാണ് ബ്രിട്ടിഷ് സൈനിക കേന്ദ്രങ്ങളും പറയുന്നത്. വളരെ വേഗം നമ്മള്‍ കൂടുതല്‍ സ്വയം പര്യാപ്തരാകേണ്ടതുണ്ട്. എല്ലാ സാഹചര്യങ്ങള്‍ക്കും കുടുംബങ്ങള്‍ തയ്യാറായിരിക്കണം എന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാള്‍ട്ടിക് കടലില്‍ നടന്ന നിരവധി അട്ടിമറി സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് റഷ്യന്‍ അട്ടിമറി സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതെന്ന് പത്രം അവകാശപ്പെട്ടതെങ്കിലും പാശ്ചാത്യ അന്വേഷകര്‍ക്ക് ഈ സംഭവങ്ങളില്‍ റഷ്യന്‍ ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റഷ്യയും തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ 'അസംബന്ധം' എന്ന് വിളിച്ചു ശക്തമായി നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. തങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ രഹസ്യമാക്കി വെയ്ക്കില്ലന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, കാര്‍ബണ്‍ പിടിച്ചെടുക്കല്‍, സംഭരണം, കാറ്റാടിപ്പാടങ്ങള്‍, പ്രതിരോധ ചെലവ് എന്നിവയിലൂടെ വ്യാവസായിക കേന്ദ്രപ്രദേശങ്ങളെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉദ്ദേശിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, വീടുകളില്‍ അതിജീവന കിറ്റുകള്‍ പായ്ക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് നിലവില്‍ പദ്ധതിയില്ലെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

ബ്രിട്ടന്റെ ഭയം സ്വയം സൃഷ്ടിയാണെന്നാണ് റഷ്യ പരിഹസിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍, ബ്രിട്ടനിലെ റഷ്യന്‍ എംബസിയും കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് റഷ്യ ഭീഷണി ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിരുന്നു. ബാള്‍ട്ടിക്, വടക്കന്‍ കടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ച സൈനിക സാന്നിധ്യം ന്യായീകരിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ തേടാനും ബ്രിട്ടീഷ് സ്ഥാപനങ്ങളും മാധ്യമങ്ങളും 'റഷ്യന്‍ വിരുദ്ധ ഹിസ്റ്റീരിയ' വളര്‍ത്തുകയാണെന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഇതൊക്കെ പറയുമ്പോഴും, ബ്രിട്ടന്‍ ഒരിക്കലം തങ്ങളുടെ ടാര്‍ഗറ്റ് അല്ലെന്ന് ഇതുവരെ റഷ്യ വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടന് നല്‍കേണ്ട തിരിച്ചടി എപ്പോഴാണ് എന്നത് സംബന്ധിച്ച്കൃത്യമായ ധാരണ ഉണ്ടെന്നാണ് മുതിര്‍ന്ന റഷ്യന്‍ സൈനിക ജനറലും വ്യക്തമാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window