ലണ്ടന്‍: 'ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ'വെന്ന ജോലി ഒഴിവ് അറിയിപ്പുമായി യുകെയില്‍ ഒരു സോഫ്റ്റ്വെയര്‍ കമ്പനി രംഗത്ത് എത്തിയത് വിവാദങ്ങള്‍ക്ക് കാരണമായി. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി. ലണ്ടനിലെ ഇല്‍ഫോഡില്‍ പ്രവര്‍ത്തിക്കുന്ന അവന്താവോ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്‌ഡോര്‍ ഉള്‍പ്പടെയുള്ള റിക്രൂട്ട്‌മെന്റ് സൈറ്റുകളില്‍ ഡെവലപ്പ്പമെന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നല്‍കിയത്. അറിയിപ്പില്‍ 'നിങ്ങള്‍ യുകെയില്‍ ജോലിക്കായി സ്‌പോണ്‍സര്‍ഷിപ്പ് തേടുകയാണോ?', 'നിങ്ങളുടെ മാതൃരാജ്യം ഏതാണ്?' എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
അറിയിപ്പിലെ വിചിത്രമായ ആവശ്യങ്ങളും വിവേചനവും ശ്രദ്ധയില്‍പ്പെട്ടവര്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെയാണ് കമ്പനി ക്ഷമാപണം നടത്തിയത്. യുഎസിലെ ന്യൂജഴ്സിയിലും ഇന്ത്യയിലെ ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും ഓഫിസുകളുള്ള കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലാണ്. തങ്ങള്‍ നല്‍കിയ ജോലി അറിയിപ്പ് കമ്പനിയുടെ ജീവനക്കാരില്‍ ഒരാള്‍ വരുത്തിയ പിശക് ആണെന്നും പരസ്യം പിന്‍വലിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. എന്തായാലും ജോലി ഒഴിവിലേക്ക് ആരെയും ഇതുവരെയും നിയമിച്ചിട്ടില്ലെന്നും ക്ഷമാപണ കുറിപ്പില്‍ കമ്പനി അറിയിച്ചിട്ടുണ്ട്.