|
ആരോഗ്യമേഖലയില്‍ ജോലിക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് എന്‍ എച്ച് എസ് സ്‌കോട്ടലാന്‍ഡ്. നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ വര്‍ഷം 4.25 ശതമാനം ശമ്പളം വര്‍ധിക്കും. 2026-27ല്‍ 3.75 ശതമാനം വര്‍ധനവുണ്ടാകും. എന്‍ എച്ച് എസ് സ്‌കോട്ട് ലന്‍ഡ് പ്രഖ്യാപനം ഇംഗ്ലണ്ടിലും ശമ്പള വര്‍ധനയ്ക്കുള്ള മുറവിളി ശക്തമാക്കുമെന്ന് ഉറപ്പായി.
ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
ഏകദേശം 701 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഈ ശമ്പള വര്‍ധനവിന് പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു ഉറപ്പും നല്‍കുന്നുണ്ട്. അതായത്, ശമ്പളം എപ്പോഴും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പത്തേക്കാള്‍ ഒരു ശതമാനം കൂടുതലായിരിക്കും എന്ന ഉറപ്പ്.
ഏതായാലും, ഈ ഓഫര്‍ പാലിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടതായി വരും. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ഈ ഓഫര്‍ തങ്ങളുടെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ഡിജിറ്റല്‍ ബാലറ്റിലൂടെ തീരുമാനത്തിലെത്തുമെന്നുമാണ് യൂണിസണ്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം തങ്ങള്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സ്‌കോട്ട്ലാന്‍ഡിന്റെ പ്രതികരണം. എന്‍ എച്ച് എസ് സ്‌കോട്ട്ലാന്‍ഡിലെയും സ്‌കോട്ടിഷ് ആംബുലന്‍സിലെയും ഏറ്റവും വലിയ യൂണിയനുകളില്‍ ഒന്നായ ജി എം ബി സ്‌കോട്ട് ലന്‍ഡും ഇക്കാര്യം അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ട് തീരുമാനിക്കും. |