|
യുകെയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനി വിവാദത്തില്‍. ജോലിക്ക് ഇന്ത്യയില്‍ നിന്നുള്ള ആളുകളെ മാത്രമേ പരിഗണിക്കൂ എന്നാണു പരസ്യം. ഇതു വിമര്‍ശനത്തിന് ഇടയാക്കി. തൊട്ടു പുറകെ കമ്പനി ക്ഷമാപണം നടത്തി. യുഎസിലെ ന്യൂജേഴ്സിയിലും ഇന്ത്യയിലെ ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും ഓഫീസുകളുള്ള കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലാണ്. തങ്ങള്‍ നല്‍കിയ ജോലി അറിയിപ്പ് കമ്പനിയുടെ ജീവനക്കാരില്‍ ഒരാള്‍ വരുത്തിയ പിശക് ആണെന്നും പരസ്യം പിന്‍വലിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. ജോലി ഒഴിവിലേക്ക് ആരേയും ഇതുവരെ നിയമിച്ചിട്ടില്ലെന്നും ക്ഷമാപണ കുറിപ്പില്‍ കമ്പനി അറിയിച്ചു.
ലണ്ടനിലെ ഇല്‍ഫോഡില്‍ പ്രവര്‍ത്തിക്കുന്ന അവന്താവോ ടെക്നോളജീസ് എന്ന കമ്പനിയാണ് ഗ്ലാസ്ഡോര്‍ ഉള്‍പ്പെടെയുള്ള റിക്രൂട്ട്മെന്റ് സൈറ്റുകളില്‍ ഡെവലപ്മെന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ജോലി ഒഴിവിന്റെ അറിയിപ്പ് നല്‍കിയത്. അറിയിപ്പില്‍ നിങ്ങള്‍ യുകെയില്‍ ജോലിക്കായി സ്പോണ്‍സര്‍ഷിപ്പ് തേടുകയാണോ ? നിങ്ങളുടെ മാതൃരാജ്യം ഏതാണ് ? എന്നിങ്ങനെയുള്ള വീസയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. |