ലണ്ടന്‍: ട്രെയിന്‍ നീങ്ങുന്നു, വാതിലില്‍ പുറത്തേക്ക് കൈനീട്ടിനില്‍ക്കുന്ന രാജിനടുത്തേക്കെത്താന്‍ സിമ്രാന്‍ ഓടുന്നത് കാണുമ്പോള്‍ ഇപ്പോഴും ഓരോ സിനിമാപ്രേമിയുടെയും നെഞ്ചിടിപ്പേറും. ഷാരൂഖ് ഖാനും കജോളും തകര്‍ത്തഭിനയിച്ച്, 1995-ല്‍ പുറത്തിറങ്ങിയ 'ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ'യുടെ ഈ വിജയഗാഥയ്ക്ക് മാറ്റുകൂട്ടാന്‍ ഇതാ ഒന്നുകൂടി. സിനിമയില്‍ ഷാരൂഖ് അവതരിപ്പിച്ച രാജും കജോളിന്റെ സിമ്രാനും ആദ്യമായി കണ്ടുമുട്ടുന്ന ലണ്ടനിലെ ലെസ്റ്റര്‍ സ്‌ക്വയറില്‍ അവരുടെ വെങ്കല പ്രതിമ ഉയരും.
ലെസ്റ്റര്‍ സ്‌ക്വയറിലെ 'സീന്‍സ് ഇന്‍ ദി സ്‌ക്വയര്‍' സിനിമാ ട്രെയിലില്‍ ഈ പ്രതിമ നിര്‍മിക്കുമെന്ന് ഹാര്‍ട്ട് ഓഫ് ലണ്ടന്‍ ബിസിനസ് അലയന്‍സ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20-ന് വരാനിരിക്കുന്ന സിനിമയുടെ 30-ാം റിലീസ് വാര്‍ഷികത്തിന് മാസങ്ങള്‍ക്കുമുന്‍പ് അനാച്ഛാദനവും ചെയ്യും. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ലണ്ടനില്‍?വെച്ച് കണ്ടുമുട്ടുന്ന ഇന്ത്യക്കാരായ ചെറുപ്പക്കാരുടെ പ്രണയകഥയാണ് ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേംഗെ. ആദിത്യ ചോപ്ര സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിര്‍മിച്ച സിനിമയിലെ മിക്കരംഗങ്ങളും യുകെയിലാണ് ചിത്രീകരിച്ചത്.