ലണ്ടന്‍: ലണ്ടന്‍ ഹൈക്കോടതിയുടെ പാപ്പരത്ത ഉത്തരവിനെതിരായ നിയമപോരാട്ടത്തില്‍ വിവാദ വ്യവസായി വിജയ് മല്യയ്ക്കു തിരിച്ചടി. പാപ്പരത്ത ഉത്തരവിനെതിരേ മല്യ നല്‍കിയ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി. എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ 128 കോടിയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ കേസിലാണ് 2017-ല്‍ മല്യയെ പാപ്പരായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ആ വിധി ബ്രിട്ടലിലെ കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും 2021-ല്‍ മല്യയ്ക്കെതിരേ പാപ്പരത്ത ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വിചാരണയില്‍, പാപ്പരത്ത ഉത്തരവിനെതിരേ മല്യ അപ്പീല്‍ നല്‍കി. ബാങ്കുകളിലെ വായ്പയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നും സ്വത്തുക്കള്‍ തിരിച്ചുപിടിച്ചതായും മല്യയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, പാപ്പരത്ത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി ആന്റണി മാന്‍ മല്യയുടെ അപ്പീല്‍ നിരസിക്കുകയായിരുന്നു. വിധിയോട് പ്രതികരിക്കാന്‍ മല്യയുടെ അഭിഭാഷകന്‍ തയാറായിട്ടില്ല. മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നിയമപോരാട്ടം നടക്കുന്നതിനിടെയാണു ലണ്ടന്‍ ഹൈക്കോടതിയില്‍നിന്നു തിരിച്ചടിയുണ്ടായത്.