ലണ്ടന്‍: കോവിഡില്‍ ഏറ്റവും ഉലഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. രോഗികളുടെ എണ്ണം, മരണസംഖ്യ, ഭേദമായവരുടെ എണ്ണം എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ കൃത്യമല്ല. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ബ്രിട്ടനിലായിരിക്കാമെന്ന് പോലും വിദഗ്ധര്‍ സംശയിക്കുന്നു. കണക്കിലെ അവ്യക്തത സാങ്കേതിക തകരാറാണെന്നാണ് ആരോഗ്യ വിദഗ്ധരില്‍ ഒരാള്‍ പറഞ്ഞത്. ഞായറാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്ത് 114,217 രോഗികളുണ്ട്. 15,464 പേര്‍ ആശുപത്രിയില്‍ മരിച്ചു. എന്നാല്‍, വീടുകളിലും നേഴ്സിങ് ഹോമുകളിലും മരിച്ച ആയിരങ്ങളുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 75,00ത്തോളം പേര്‍ കെയര്‍ ഹോമുകളില്‍മാത്രം മരിച്ചിട്ടുണ്ടെന്ന് പ്രമുഖ സ്ഥാപനമായ കെയര്‍ ഇംഗ്ലണ്ട് പറയുന്നു.നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍പോലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ പിന്നിലായിരുന്നു ബ്രിട്ടന്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ തെളിവാണ് ഇരുപതോളം ഡോക്ടര്‍മാരുടെ മരണം. ഒരിക്കല്‍മാത്രം ഉപയോഗിക്കാവുന്ന പിപിഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍വരെ ആരോഗ്യപ്രവര്‍ത്തകരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.'മാന്ത്രികവടി വീശി മാനത്തുനിന്ന് പിപിഇ കിറ്റുകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍' എന്ന ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പാര്‍ലമെന്റില്‍ പറഞ്ഞത് വിവാദമായിരുന്നു. രോഗവ്യാപനം തുടങ്ങിയപ്പോള്‍ത്തന്നെ ഗതാഗതനിയന്ത്രണംപോലുള്ള നടപടികള്‍ ഉണ്ടായില്ല. 20 ബസ് ഡ്രൈവര്‍മാരും നാല് ട്രെയിന്‍ ജീവനക്കാരും മരിച്ചിട്ടും രാജ്യത്ത് ഇപ്പോഴും വാഹനങ്ങളോടുന്നു.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതീവ ഗുരുതരനിലയില്‍ ഐസിയുവിലായി. ചാള്‍സ് രാജകുമാരനെയും കോവിഡ് ബാധിച്ചു. ഇപ്പോള്‍ ഇതാ എലിസബത്ത് രാജ്ഞിയുടെ ജന്മദിന ആഘോഷം ചൊവ്വാഴ്ച നടത്താനിരുന്നത് ചുരുക്കിയിരിക്കുകയാണ്.