ലണ്ടന്‍/ലെസ്റ്റര്‍: ബ്രിട്ടനിലെ ലെസ്റ്ററില്‍ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തില്‍ 80 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുട്ടികളായ പ്രതികള്‍ക്കുള്ള ശിക്ഷ മേയ് മാസത്തില്‍ വിധിക്കുമെന്നും ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം ജഡ്ജി പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെണ്‍കുട്ടിയെയും ആക്രമണം നടത്തിയ 14 വയസ്സുള്ള ആണ്‍കുട്ടിയെയും ആണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ വിചാരണ വേളയില്‍ പൊലീസ് ഹാജരാക്കിയിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പൊതുസമൂഹത്തില്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലന്നും കോടതി പറഞ്ഞു.
വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെയാണ് അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞു കൊന്നത്. ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്ളിന്‍ പാര്‍ക്കില്‍ വച്ചാണ് ഒരു സംഘം കുട്ടികള്‍ ഭീം സെന്‍ കോലിയെ ആക്രമിച്ചത്. 2024 സെപ്റ്റംബര്‍ 1ന് വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിലായിരുന്ന കോലി തൊട്ടടുത്ത ദിവസം രാത്രി മരണത്തിന് കീഴടങ്ങി. അഞ്ച് കുട്ടികളാണ് അന്ന് അറസ്റ്റിലായതെന്ന് ലെസ്റ്റര്‍ഷയര്‍ പൊലീസ് സംഭവ ദിവസം സ്ഥിരീകരിച്ചിരുന്നു. കല്ലേറില്‍ കഴുത്തിനേറ്റ പരുക്ക് മൂലമാണ് ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പാര്‍ക്കിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെന്‍ കോലിയും ഭാര്യ സതീന്ദര്‍ കൗറും താമസിച്ചിരുന്നത്. തന്റെ നായയുമായി പാര്‍ക്കില്‍ ഭീം സെന്‍ കോലി പതിവായി നടക്കാറുണ്ടായിരുന്നു. സംഭവ ദിവസത്തിന് തൊട്ടു മുന്‍പുള്ള രണ്ട് മാസക്കാലയളവില്‍ പാര്‍ക്കില്‍ കുട്ടികളടങ്ങുന്ന കൗമാരക്കാരുടെ സംഘം ഏഷ്യന്‍ വംശജര്‍ക്ക് നേരെ ആക്രമണം നടത്താറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു.