ലണ്ടന്‍: ഇന്ത്യയില്‍ വിദേശ ബാങ്കുകള്‍ക്ക് വളരാനാവശ്യമായ അന്തരീക്ഷമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. യുകെ, ഓസ്ട്രിയ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തോട് അനുബന്ധിച്ച് ലണ്ടനില്‍ നടന്ന നിക്ഷേപക ചര്‍ച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു നിര്‍മല സീതാരാമന്‍. യുകെയിലെ വിവിധ പെന്‍ഷന്‍ ഫണ്ട് കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്തുള്ള അറുപതോളം യുകെ, ഇന്ത്യന്‍ നിക്ഷേപകരുമായി നിര്‍മല സീതാരമന്‍ കൂടിക്കാഴ്ച നടത്തി.
'നവ ഇന്ത്യ' ലക്ഷ്യമിട്ട്, സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയും നിക്ഷേപ അവസരങ്ങളും ഒരുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന കാര്യം ധനമന്ത്രി നിക്ഷേപകരോട് വിശദീകരിച്ചതായി ധനമന്ത്രാലയം അറിയിച്ചു. വ്യാപാരത്തിനും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ നിക്ഷേപക സംഗമത്തില്‍ ധനമന്ത്രി എടുത്തു പറഞ്ഞു. ചൊവ്വാഴ്ച യുകെയില്‍ എത്തിയ നിര്‍മല സീതാരാമന്‍ യുകെയിലെ വിവിധ മന്ത്രിമാരെ സന്ദര്‍ശിച്ച ശേഷം കഴിഞ്ഞ ദിവസം ഓസ്ട്രിയയില്‍ എത്തി. ഏപ്രില്‍ 13 വരെ ഓസ്ട്രിയ സന്ദര്‍ശനം തുടരും.