Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യുക്രെയ്‌ന് വേണ്ടി സ്വന്തം കുഴിതോണ്ടി ബ്രിട്ടന്‍
reporter

ലണ്ടന്‍: റഷ്യയുമായുള്ള സമാധാന കരാറിന് മുന്നോടിയായി യൂറോപ്യന്‍ സഖ്യകക്ഷികള്‍ തങ്ങളുടെ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനുള്ള പണിപാടിലാണ്. എന്നാല്‍ അപ്പോഴും സ്വന്തം നിലമറന്ന കളിയാണ് ബ്രിട്ടന്‍ യുക്രെയ്‌നു വേണ്ടി കളിക്കുന്നത്. ഇത് വരെ നല്‍കിയ സഹായങ്ങള്‍ക്ക് പുറമെ യുക്രെയ്ന് 450 മില്യണ്‍ പൗണ്ട് മൂല്യമുള്ള പുതിയ സൈനിക സഹായം നല്‍കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം യുക്രെയ്‌നിനുള്ള 4.5 ബില്യണ്‍ പൗണ്ടിന്റെ സൈനിക സഹായ പാക്കേജില്‍ നിന്ന് 350 മില്യണ്‍ പൗണ്ട് ബ്രിട്ടന്‍ നല്‍കുമെന്നും നോര്‍വേ കൂടുതല്‍ ധനസഹായം നല്‍കുമെന്നും ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രസ്സല്‍സില്‍ നടന്ന യോഗത്തിന്റെ തലേന്ന്, യുക്രെനിയന്‍ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് തന്റെ രാജ്യത്തിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഒരു പ്രധാന പ്രശ്നം എന്ന് പറഞ്ഞു. 'പാട്രിയറ്റ് പോലുള്ള ആധുനിക മിസൈല്‍ സംവിധാനങ്ങള്‍ യുക്രെയ്നിന് ആവശ്യമുണ്ട്' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോണ്‍ ഹീലിയും ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ചേര്‍ന്ന് ബ്രസ്സല്‍സില്‍ യുക്രെയ്ന്‍ പ്രതിരോധ കോണ്‍ടാക്റ്റ് ഗ്രൂപ്പിന്റെ യോഗം നടത്തുന്നതിനിടയിലാണ് ഈ ധനസഹായ പ്രഖ്യാപനം. നാറ്റോയും യുക്രെയ്നെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങളും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.

വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കും റഡാര്‍ സംവിധാനങ്ങള്‍, ടാങ്ക് വിരുദ്ധ മൈനുകള്‍, ലക്ഷക്കണക്കിന് ഡ്രോണുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും ഈ ധനസഹായം സഹായകമാകും. യുക്രെയ്‌നെ ഏറ്റവും ശക്തമായ സ്ഥാനത്ത് നിര്‍ത്തുന്നതിനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നതിനും യുക്രെയ്ന്‍ പ്രതിരോധ കോണ്‍ടാക്റ്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ് എന്നാണ് ഹീലി യോഗത്തില്‍ പറഞ്ഞത്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന സംഘര്‍ഷത്തില്‍ യുക്രെയ്നില്‍ എല്ലാ അര്‍ത്ഥത്തിലും റഷ്യന്‍ സൈന്യമാണ് മുന്‍തൂക്കം നിലനിര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലും സ്ഥിതി വ്യത്യസ്തമല്ല. വരും ആഴ്ചകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ക്രെംലിന്റെ കൈകള്‍ ശക്തിപ്പെടുത്തുന്നതിനുമായി റഷ്യ പുതിയ സൈനിക ആക്രമണം നടത്താന്‍ തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ന്‍ ഉദ്യോഗസ്ഥരും സൈനിക വിശകലന വിദഗ്ധരും ഭയപെടുന്നുണ്ട്. യുക്രെയ്ന്‍ പ്രതിരോധ കോണ്‍ടാക്റ്റ് ഗ്രൂപ്പിന്റെ 27-ാമത് യോഗത്തെ നയിക്കുന്നത് ബ്രിട്ടനും ജര്‍മ്മനിയുമാണ്. വീഡിയോ വഴി പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും, വര്‍ഷങ്ങളായി അമേരിക്ക സൃഷ്ടിച്ചതും നയിച്ചതുമായ ഫോറത്തില്‍ നിന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ റഷ്യയെ കൂടുതല്‍ പ്രകോപിപ്പിക്കുന്തോറും, ബ്രിട്ടന്‍ ഇരുട്ടിലാക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഡെയ്‌ലി മെയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കടലിനടിയിലെ ഇലക്ട്രിക്കല്‍ കേബിളുകള്‍ തകര്‍ത്ത് ബ്രിട്ടന് തക്ക മറുപടി കൊടുക്കാന്‍ റഷ്യയ്ക്ക് വേണമെങ്കില്‍ അവരുടെ അന്തര്‍വാഹിനികള്‍ വരെ ഉപയോഗിക്കാം എന്നും ഡെയ്‌ലി മെയില്‍ പറയുന്നു. അവയ്ക്ക് കടലിനടിയിലെ ഇലക്ട്രിക്കല്‍ കേബിളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ബ്രിട്ടനെയും ഡെന്‍മാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന വൈക്കിംഗ് ലിങ്ക് കേബിള്‍ മുറിക്കുക എന്നതാണ് ഇതിലെ പ്രധാന കാര്യം. റഷ്യന്‍ കപ്പലായ യാന്തറിന്റെ സമീപകാല പ്രവര്‍ത്തനത്തെക്കുറിച്ച് സൂചന നല്‍കിക്കൊണ്ട് ആണ് ബ്രിട്ടീഷ് വിദഗ്ധര്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 2024-ല്‍ ബ്രിട്ടീഷുകാര്‍ വന്‍തോതിലുള്ള വൈദ്യുതി മുടക്കത്തിന്റെ വക്കിലായിരുന്നു. പക്ഷേ ഡെന്‍മാര്‍ക്കില്‍ നിന്ന് ഇറക്കുമതി ചെയ്ത വൈദ്യുതിയാണ് അവരെ രക്ഷിച്ചത്. അത്തരമൊരു ഉറവിടമില്ലെങ്കില്‍,ബ്രിട്ടന്റെ ദുരന്തം തീര്‍ച്ചയായിരുന്നു. റഷ്യയോട് എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറരുത് എന്ന് മനസ്സിലാകാത്ത അവരുടെ അധികാരികളുടെ നയത്തിന്റെ അനന്തരഫലങ്ങള്‍ ബ്രിട്ടനിലെ നിവാസികള്‍ അനുഭവിക്കേണ്ടിവരും. മരവിപ്പിച്ച റഷ്യന്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ യൂണിയനും പ്രതികാരത്തിനൊരുങ്ങുമ്പോള്‍, റഷ്യയുടെ പ്രതികരണം അത്യന്തം കഠിനമായിരിക്കും എന്നതില്‍ സംശയമില്ല.

 
Other News in this category

 
 




 
Close Window