ലണ്ടന്‍: പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനായി ആളുകള്‍ എത്താറുണ്ട്. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണുക, സംസ്‌കാരം അടുത്തറിയുക, ഭക്ഷണം ആസ്വദിക്കുക തുടങ്ങി ഒരുപാട് ലക്ഷ്യങ്ങളോടെയാണ് അവരില്‍ മിക്കവരും എത്തുന്നത്. പല ഇന്‍ഫ്‌ലുവന്‍സര്‍മാരും അവരുടെ അനുഭവങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി ഷെയര്‍ ചെയ്യാറുമുണ്ട്. അതുപോലെ, ഒരു ബ്രിട്ടീഷ് യൂട്യൂബര്‍ ഇന്ത്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യാത്രയുടെ പകുതിയില്‍ ട്രെയിനില്‍ ഭക്ഷണം എത്തിച്ച് തരുമെന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഈ യൂട്യൂബര്‍ പറയുന്നത്. കാണ്‍പൂര്‍ സെന്‍ട്രലില്‍ തന്റെ ട്രെയിന്‍ അഞ്ച് മിനിറ്റ് മാത്രം നിര്‍ത്തിയപ്പോള്‍ എങ്ങനെയാണ് തനിക്ക് ഭക്ഷണം എത്തിച്ച് തന്നത് എന്നും യുവാവ് വിശദീകരിക്കുന്നു.
'യുകെ ഇത് ശ്രദ്ധിക്കണം' എന്ന് പറഞ്ഞുകൊണ്ടാണ് ജോര്‍ജ്ജ് ബക്ക്‌ലി ഇക്കാര്യം പറയുന്നത്. ട്രെയിനിലിരുന്ന് തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അതെങ്ങനെ ലഭിക്കും എന്നതിനെ കുറിച്ചാണ് ഇയാള്‍ പറയുന്നത്. ഇന്ത്യക്കാരനായ ഒരു സഹയാത്രികനാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തന്നെ സഹായിച്ചത് എന്നും അയാള്‍ക്ക് നന്ദി എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സൊമാറ്റോ ആപ്പ് വഴിയാണ് യുവാവിന്റെ സഹയാത്രികന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. സാന്‍ഡ്‌വിച്ചാണ് ഓര്‍ഡര്‍ ചെയ്തത്. കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെറും അഞ്ച് മിനിറ്റാണ് വണ്ടി നിര്‍ത്തിയത്. ആ സമയത്ത് ഭക്ഷണം എത്തിച്ച് കിട്ടിയത് യുവാവിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇതൊരിക്കലും യുകെയില്‍ നടക്കില്ല എന്നാണ് യുവാവ് പറയുന്നത്. എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. പലരും 'യുകെയില്‍ ഇത് നടക്കില്ല' എന്ന് കമന്റ് നല്‍കിയിട്ടുണ്ട്.