ലണ്ടന്‍: ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ യുകെയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ഫലസ്തീന്റെ വിമോചനത്തിനായി പോരാടുന്ന ഹമാസിന്റെ നിരോധനം പിന്‍വലിക്കണമെന്നും യുകെ ഹോം സെക്രട്ടറിക്ക് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു. തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഹമാസിനെ യുകെ നിരോധിച്ചത്. യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന റിവര്‍വേ ലോയുടെ അഭിഭാഷകനായ ഫഹദ് നസ്റിയാണ് ഹരജി നല്‍കിയത്. ഹമാസ് യൂറോപ്പില്‍ നടത്തുന്ന ഏറ്റവും വലിയ നിയമപോരാട്ടമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ബാരിസ്റ്റര്‍മാരായ ഫ്രാങ്ക് മാഗെന്നിസ്, ഡാനിയല്‍ ഗ്രട്ടേര്‍സ് എന്നിവരും ഹരജി തയ്യാറാക്കുന്നതിനായി സഹായം നല്‍കിയിട്ടുണ്ട്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ലീഗല്‍ ഓഫീസ് തലവന്‍ ഡോ. മൂസ അബു മര്‍സൂക്ക് ആണ് സംഘടനക്കായി ഹരജിയില്‍ ഒപ്പിട്ടിരിക്കുന്നത്. നിരോധനം പിന്‍വലിക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്ന നൂറുകണക്കിന് രേഖകളും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമവിദഗ്ധര്‍, രാഷ്ട്രീയ നേതാക്കള്‍, അക്കാദമിഷ്യന്‍മാര്‍, ജേണലിസ്റ്റുകള്‍ തുടങ്ങിയവരുടെ വിശകലനങ്ങളും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ടിലധികമായി ഫലസ്തീനില്‍ നടക്കുന്ന കോളനിവത്കരണത്തിനും വംശീയ ഉന്‍മൂലനത്തിനും എല്ലാം ബ്രിട്ടനാണ് ഉത്തരവാദി. 1917ലെ ബാല്‍ഫോര്‍ഡ് ഡിക്ലറേഷനിലും 1948ലെ നക്ബയിലും നിലവില്‍ ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും ബ്രിട്ടന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഫലസ്തീന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണക്കാരായ സിയോണിസത്തിന് എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നത് ബ്രിട്ടനാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു.സിയോണിസത്തിന്റെ അധിനിവേശത്തെയും വംശീയ ഉന്‍മൂലനത്തെയും കോളനിവത്കരണത്തെയും പ്രതിരോധിച്ച് ഫലസ്തീനികളുടെ അവകാശത്തിനായി പോരാടുന്ന സംഘടനയാണ് ഹമാസ്. സ്വാതന്ത്ര്യത്തിനും ദേശീയ ഐക്യത്തിനും അതിര്‍ത്തി സംരക്ഷിക്കാനും എല്ലാ വിധത്തിലുമുള്ള കോളവനിവത്കരണത്തിനും എതിരെ സായുധമായും ധാര്‍മികമായും പോരാടാന്‍ ഫലസ്തീന്‍ ജനതക്ക് അവകാശമുണ്ട്. അത് ഫലസ്തീന്റെ സ്വയം നിര്‍ണയാധികാരത്തിന്റെ ഭാഗമാണെന്നും ഹരജിയില്‍ പറയുന്നു.
വംശഹത്യയും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കേണ്ടത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറാവണം. ബ്രിട്ടീഷ് സര്‍ക്കാരിന് രാഷ്ട്രീയ വിരോധമുള്ളതുകൊണ്ട് മാത്രം അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കുന്നത് യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ 10, 11, 14 ആര്‍ട്ടിക്കിളുകളുടെ ലംഘനമാണ്.ബ്രിട്ടനോ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കോ ഹമാസ് ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തുന്നില്ല. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാധികാരവും ജനാധിപത്യ അവകാശങ്ങളും മാത്രമാണ് ഹമാസിന്റെ ലക്ഷ്യമെന്നും ഹരജിയില്‍ പറയുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ബ്രിട്ടീഷ് സര്‍ക്കാരുകള്‍ ഫലസ്തീന്‍ ജനതക്കെതിരെ ചെയ്യുന്ന കുറ്റകൃത്യങ്ങളും സിയോണിസത്തിന്റെ വംശീയ ഉന്‍മൂലനത്തിന് ചെയ്യുന്ന സഹായങ്ങളും ഒടുവില്‍ ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്സയിലേക്ക് നയിച്ച കാരണങ്ങളും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.