Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
 
 
UK Special
  Add your Comment comment
യാത്രക്കാരുടെ രക്ഷയ്ക്ക് ജീവന്‍ വെടിഞ്ഞ ടൈറ്റാനിക്കിലെ ജീവനക്കാര്‍, പുതിയ വിവരങ്ങള്‍ പുറത്ത്
reporter

ലണ്ടന്‍: 1997 ലെ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനികിന്റെ ക്ലൈമാക്‌സില്‍ ഒരു രംഗമുണ്ട്... ടൈറ്റാനിക് മുങ്ങിത്താഴുമ്പോള്‍ പരമാവധി യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ക്രൂ, അതിനിടയിലും ആശ്വാസത്തിന്റെ സംഗീതം വായിക്കുന്ന വയലിനിസ്റ്റുകള്‍. സിനിമ ഫിക്ഷനാണ്. എന്നാല്‍ ടൈറ്റാനിക് മുങ്ങിത്താണ ആ ദിവസം കപ്പലിലെ യാത്രികരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കപ്പലിലെ ക്രൂ ജീവന്‍ വെടിഞ്ഞത്. ഇന്ന് കടലിന്റെ അടിത്തട്ടിലുള്ള കപ്പലിന്റെ പുതിയ ഡിജിറ്റല്‍ സ്‌കാന്‍ അത് വെളിവാക്കുന്നു.

ടൈറ്റാനിക്കിന്റെ കൂറ്റന്‍ ബോയിലര്‍ റൂമുകളില്‍ ഒന്നിനെക്കുറിച്ച് വിദഗ്ദ്ധര്‍ പഠനം നടത്തിവരികയാണ്. മാത്രമല്ല കപ്പലിന്റെ ഡെക്കില്‍ തുറന്ന രീതിയില്‍ ഒരു വാല്‍വ് കണ്ടെത്തിയിട്ടുണ്ട്, ഇത് അവസാന നിമിഷവും കപ്പലിലെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനത്തിലേക്ക് നീരാവി എത്തിയിരുന്നു എന്നതിന് തെളിവാണ്. അതിന് കാരണം ടൈറ്റാനിക്കിലെ ഒരുകൂട്ടം ജീവനക്കാര്‍ കപ്പലിലെ ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു എന്നാണ്. ഈ പ്രകാശമാണ് യാത്രക്കാരെ ലൈഫ് ബോട്ടുകളിലേക്ക് മാറ്റാന്‍ അറ്റലാന്റികിലെ തണുത്തുറഞ്ഞ ഇരുട്ടിലും വെളിച്ചമായത്. ഈ ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ കപ്പല്‍ മുങ്ങുംവരെയും കല്‍ക്കരി ചൂളകളിലേക്ക് കോരിയിടാന്‍ ശ്രമിച്ചു. ജീവന്‍വെടിഞ്ഞും അവര്‍ പരമാവധി ജീവനുകളെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. കപ്പല്‍ പതുക്കെ മുങ്ങുമ്പോഴും ലൈറ്റുകള്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞിട്ടുണ്ട്.

നാഷണല്‍ ജിയോഗ്രാഫിക് ആന്‍ഡ് അറ്റ്‌ലാന്റിക് പ്രൊഡക്ഷന്‍സ് പുറത്തിറക്കുന്ന ടൈറ്റാനിക്: ദി ഡിജിറ്റല്‍ റെസറക്ഷന്‍ എന്ന പുതിയ ഡോക്യുമെന്ററിയുടെ ഭാഗമാണ് ഡിജിറ്റല്‍ സ്‌കാന്‍. ഇന്ന് അറ്റ്‌ലാന്റികിന്റെ അടിത്തട്ടില്‍ 3,800 അടി ആഴത്തില്‍ കിടക്കുന്ന കപ്പല്‍ അവശിഷ്ടങ്ങളുടെ ഏഴ് ലക്ഷം ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കപ്പലിന്റെ ത്രീ ഡി മോഡല്‍, ഒരു ഡിജിറ്റല്‍ ട്വിന്‍ തയ്യാറാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി അണ്ടര്‍ വാട്ടര്‍ റൊബോട്ടുകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കലും മുങ്ങില്ലെന്ന് ആഘോഷിക്കപ്പെട്ട, കന്നി യാത്രയില്‍ തന്നെ ദുരന്തമായി തീര്‍ന്ന കപ്പലിന്റെ അവസാന നമിഷങ്ങളാണ് ഡീറ്റെയില്‍ഡ് ഡിജിറ്റല്‍ സ്‌കാനിലൂടെ പുറംലോകം കാണുന്നത്. ദുരന്തത്തില്‍ അന്ന് 1500 ഓളം പേരാണ് മരിച്ചത്. ദുരന്തത്തില്‍ കപ്പല്‍ ജീവനക്കാര്‍ എല്ലാവരും മരിച്ചു, പക്ഷേ അവരുടെ വീരോചിതമായ പ്രവൃത്തികള്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചുവെന്ന് ടൈറ്റാനിക് അനലിസ്റ്റ് പാര്‍ക്ക്‌സ് സ്റ്റീഫന്‍ണ്‍ പറയുന്നു.

1912 ലാണ് ടൈറ്റാനിക് ദുരന്തമുണ്ടാകുന്നത്. അറ്റ്‌ലാന്റികിലെ ഒരു മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക്കിന്റെ മഞ്ഞുമലയുമായുള്ള കൂട്ടിയിടി നിസ്സാരമായിരുന്നെങ്കിലും, അത് കപ്പലുടനീളം ദ്വാരങ്ങളുണ്ടാക്കി. മഞ്ഞുമലയില്‍ ഇടിച്ചതിനു പിന്നാലെ എഫോര്‍ വലിപ്പമുള്ള കടലാസുകളോളം പോന്ന ദ്വാരങ്ങള്‍ കപ്പലിലുണ്ടാകുകയും ഇതാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നുമാണ് പുതിയ ഡിജിറ്റല്‍ സ്‌കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരുപാട് ദ്വാരങ്ങളുണ്ടായിരുന്നെന്നും കമ്പ്യൂട്ടര്‍ സിമുലേഷന്‍ വ്യക്തമാക്കുന്നു. കപ്പല്‍ മഞ്ഞുമലയിലിടിച്ചപ്പോള്‍ മഞ്ഞുമലയും തകര്‍ന്നതായി റിപ്പോര്‍ട്ടിലുണ്ട്. അത്തരത്തില്‍ ഉണ്ടായ ഒരു ദ്വാരവും സ്‌കാനിലെ കണ്ടെത്തലുകളില്‍പെടുന്നു. കൂട്ടിയിടിയില്‍ യാത്രക്കാരുടെ ക്യാബിനുകളില്‍ വരെ ഐസ് എത്തിയിരുന്നു എന്ന വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. മഞ്ഞുമല ഇടിച്ചു തകര്‍ന്ന ഒരു ദ്വാരം ഉള്‍പ്പെടെയുള്ള പുതിയ ക്ലോസ്-അപ്പ് സ്‌കാനുകളും ലഭ്യമായിട്ടുണ്ട്.

'ഒരിക്കലും മുങ്ങാന്‍ പാടില്ല' എന്നാ ആശയത്തില്‍ നിര്‍മിച്ച കപ്പലാണ് ടൈറ്റാനിക്, നാല് കമ്പാര്‍ട്ടുമെന്റുകള്‍ വെള്ളം കയറിയാലും പൊങ്ങിക്കിടക്കുന്ന തരത്തിലാണ് അത് രൂപകല്‍പ്പന ചെയ്തിരുന്നത്. എന്നാല്‍ സിമുലേഷന്‍ കണക്കാക്കുന്നത് മഞ്ഞുമലയിലിടിച്ചതോടെ ആറ് കമ്പാര്‍ട്ടുമെന്റുകളില്‍ വെള്ളം കയറിയെന്നാണ്. എന്താണ് അന്ന് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാന്‍ കപ്പലിന്റെ അവശിഷ്ടങ്ങളുടെ പൂര്‍ണവും ത്രിമാനവുമായ കാഴ്ച ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സ്റ്റീഫന്‍സണ്‍ പറയുന്നു. സ്‌കാനിംഗില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കപ്പലിലെ യാത്രക്കാരുടെ സ്വകാര്യ വസ്തുക്കളും കടലിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്നുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത 40 വര്‍ഷത്തിനുള്ളില്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ടൈറ്റാനിക് ദുരന്തത്തിന്റെ ശേഷിക്കുന്ന ഒരേയൊരു രക്തസാക്ഷിയാണ് കടലിനടിയിലെ അവശേഷിക്കുന്ന കപ്പല്‍ അവശിഷ്ടങ്ങള്‍ എന്നാണ് പാര്‍ക്ക്‌സ് സ്റ്റീഫന്‍ണ്‍ പറയുന്നത്. അതിന് ഇനിയും കഥകള്‍ പറയാനുണ്ടെന്നും അദ്ദേഹം പറയുന്നതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 
Other News in this category

 
 




 
Close Window