മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ നിന്നും ഇരുപത് രാജ്യങ്ങള്‍ താണ്ടി കേരളത്തിലേക്കും തുടര്‍ന്ന് തിരികെ മാഞ്ചസ്റ്ററിലേക്കും സാഹസിക കാര്‍ യാത്രയുമായി സാബു, ഷോയി, റെജി, ബിജു എന്നിവരടങ്ങുന്ന സംഘം ഇന്ന് യാത്ര തിരിക്കും. ക്രിസ്റ്റി കാന്‍സര്‍ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയാണ് ഇന്ന് ആരംഭിക്കുന്നത്. രാവിലെ 11ന് മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വൈശാഖ യെദുവന്‍ഷി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ജെന്‍ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്‌സിങ് ഓഫിസര്‍, ദി ക്രിസ്റ്റി ചാരിറ്റി), ഷൈനു ക്ലെയര്‍ മാത്യൂസ്, വില്‍സണ്‍, സോയ്‌മോന്‍, ചാക്കോ തുടങ്ങിയവര്‍ ആശംസകള്‍ നേരും. യാത്രാംഗമായ സാബു ചാക്കോ സ്വാഗതവും ബിജു പി മാണി നന്ദിയും പറയും.
തുടര്‍ന്ന് വിശിഷ്ടാതിഥികളായ വൈശാഖ യെദുവന്‍ഷിയും അഡ്വ. എബി സെബാസ്റ്റ്യനും ചേര്‍ന്ന് നാട മുറിച്ച് യാത്രയ്ക്ക് തുടക്കം കുറിക്കും. ജെന്‍ കെന്റ് യാത്രികര്‍ക്ക് താക്കോല്‍ കൈമാറും. യാത്രികരായ സാബുവിന്റെ ഭാര്യ ബിന്ദു സാബു, ബിജുവിന്റെ ഭാര്യ ഗ്രേസി ബിജു, ഷോയിയുടെ ഭാര്യ ലൂസി ഷോയി, റെജിയുടെ ഭാര്യ ലാലി റെജി എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാന്‍സര്‍ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം ലക്ഷ്യമിട്ടുള്ള ഈ സാഹസിക യാത്രയില്‍ സാബു ചാക്കോ, ഷോയി ചെറിയാന്‍, റെജി തോമസ്, ബിജു പി മാണി എന്നിവരാണ് പങ്കെടുക്കുന്നത്. യാത്ര ഇന്ന് ഏപ്രില്‍ 14 ന് രാവിലെ 11 നും 12 നും ഇടയില്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള മോസ് നൂക്ക് ഇന്ത്യന്‍ റസ്റ്ററന്റ് പരിസരത്തുനിന്ന് ആരംഭിക്കും.
ഈ യാത്രയ്ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഈ നാലുപേരും തയ്യാറെടുക്കുകയായിരുന്നു. ഇന്ന് ആരംഭിക്കുന്ന യാത്ര ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്‌നിയ, മോണ്ടനെഗ്രോ, സെര്‍ബിയ, റൊമാനിയ, തുര്‍ക്കി, ജോര്‍ജിയ, റഷ്യ, ഖസാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങളിലൂടെ കടന്ന് ഏകദേശം 60 ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷം 2025 ഓഗസ്റ്റ് 20ന് ഇതേ വഴിയിലൂടെ തിരികെ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യും.