ബ്രസല്‍സ്: ജര്‍മനിയില്‍ കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുകെയിലേക്ക് ഇറച്ചിയും പാലുല്‍പന്നങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചു. യൂറോപ്യന്‍ യൂണിയന്‍ , യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര മേഖല രാജ്യങ്ങളില്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്?ലന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍) നിന്ന് ബ്രിട്ടനിലേക്ക് പോകുന്നവര്‍ക്ക് കന്നുകാലികള്‍, ചെമ്മരിയാടുകള്‍, പന്നി, ആട് എന്നിവയില്‍ നിന്നുള്ള മാംസം, പാല്‍ അല്ലെങ്കില്‍ പാലുല്‍പന്നങ്ങള്‍ എന്നിവ വ്യക്തിഗത ആവശ്യത്തിന് പോലും കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 12 മുതലാണ് ഈ താല്‍ക്കാലിക നിയന്ത്രണം നിലവില്‍ വന്നത്.
പന്നിയിറച്ചി, ഗോമാംസം, ആട്ടിറച്ചി, പാല്‍, ഡയറി ഉല്‍പന്നങ്ങള്‍ എന്നിവ യാത്രാക്കാര്‍ വ്യക്തിഗത ആവശ്യത്തിനായി കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു. സാന്‍ഡ്?വിച്ചുകള്‍, ചീസുകള്‍, ക്യൂര്‍ഡ് മാംസങ്ങള്‍, അസംസ്‌കൃത മാംസങ്ങള്‍ എന്നിവ പാക്ക് ചെയ്തതോ അല്ലാത്തതോ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങിയതോ ആകട്ടെ ഇവയ്ക്കും നിരോധനം ബാധകമാണ്. നിയമം ലംഘിച്ച് ഈ വസ്തുക്കളുമായി ആരെങ്കിലും പിടിയിലായാല്‍ അവ അതിര്‍ത്തിയില്‍ വെച്ച് തന്നെ നശിപ്പിക്കും. ഗുരുതരമായ കേസുകളില്‍ 5,000 പൗണ്ട് (ഏകദേശം 5,845 യൂറോ) വരെ പിഴ ചുമത്താനും സാധ്യതയുണ്ട്. ഈ നിയന്ത്രണങ്ങള്‍ ഗ്രേറ്റ് ബ്രിട്ടനിലേക്ക് (ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്) വരുന്ന യാത്രക്കാര്‍ക്ക് മാത്രമേ ബാധകമാകൂ. വടക്കന്‍ അയര്‍ലന്‍ഡ്, ജേഴ്‌സി, ഗുര്‍ണ്‍സി, ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ ഈ നിയമം ബാധകമല്ല.