ലണ്ടന്‍: സ്തനാര്‍ബുദം ഭേദമായ രോഗികള്‍ക്ക് ആശ്വാസകരമായ ഒരു പുതിയ മരുന്നിന് എന്‍എച്ച്എസ് അംഗീകാരം നല്‍കി. ഒരിക്കല്‍ സ്തനാര്‍ബുദം വന്ന് സുഖം പ്രാപിച്ചവരില്‍ രോഗം വീണ്ടും വരുന്നത് തടയാന്‍ സഹായിക്കുന്ന 'കിസ്‌കാലി' (Kisqali) എന്ന മരുന്നിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഈ മരുന്നിന്റെ ഉപയോഗത്തിന് മെഡിസിന്‍ വാച്ച് ഡോഗ് അനുമതി നല്‍കി. ആഗോളതലത്തില്‍ 20 സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്തനാര്‍ബുദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ 38% വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പ്രവചിക്കുന്നു. സ്തനാര്‍ബുദം മൂലമുള്ള മരണങ്ങളില്‍ 68% വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിന്റെ (ഐഎആര്‍സി) ഏറ്റവും പുതിയ വിശകലനം വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ ഉയര്‍ന്ന സ്തനാര്‍ബുദ നിരക്ക് കണക്കിലെടുക്കുമ്പോള്‍ 'കിസ്‌കാലി' മരുന്ന് നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയിലും വിഭജനത്തിലും പ്രധാന പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാന്‍ ഈ പുതിയ മരുന്നിന് സാധിക്കും. ഇത് അര്‍ബുദ മുഴകളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കാനോ പൂര്‍ണ്ണമായി തടയാനോ സഹായിക്കും. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്ന ഹോര്‍മോണ്‍ ചികിത്സയായ അരോമാറ്റേസ് ഇന്‍ഹിബിറ്ററിനൊപ്പം ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് എന്‍എച്ച്എസ് നല്‍കുന്ന നിര്‍ദ്ദേശം.