ലണ്ടന്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് എതിരെ ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനു മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യക്കാര്‍ക്കുനേരെ പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. പാക്കിസ്ഥാന്‍ ഡിഫന്‍സ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധത്തിനിടെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ ഉച്ചത്തില്‍ പാട്ടുംവച്ചു. പ്രകോപനപരമായ പ്രവൃത്തിയാണു പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഭീകരതയെ അവര്‍ക്ക് അപലപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരും അതില്‍ പങ്കാളികളാണെന്നും പ്രതിഷേധിച്ച ഇന്ത്യന്‍ പ്രവാസികള്‍ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ പതാകകള്‍ വീശിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധം നടന്നത്. യുകെ സര്‍ക്കാര്‍ പാക്കിസ്ഥാന്‍ നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.