ലണ്ടന്‍: ദശലക്ഷക്കണക്കിന് പുരുഷന്മാര്‍ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. 'ഫിനസ്റ്റെറൈഡ്' എന്ന ഈ മരുന്ന് ജനനേന്ദ്രിയത്തിന് 'ഗുരുതരമായ അപകടസാധ്യത' ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. മരുന്ന് കഴിച്ച പല പുരുഷന്മാരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുന്നുണ്ട്. മരുന്ന് ലിംഗം ചുരുങ്ങാനോ വളയാനോ ഇടയാക്കി. വൃഷണങ്ങളില്‍ നീറ്റലും അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് കടുത്ത മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ഈ മരുന്നാണെന്ന് അമ്മ വെളിപ്പെടുത്തിയ സംഭവം പോലും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുടി കൊഴിച്ചിലിനുള്ള ചികിത്സ നല്‍കുന്ന ടെലിഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ കീപ്സ് വഴിയാണ് ഫിനസ്റ്റെറൈഡ് അടങ്ങിയ മരുന്നുള്ള ജെല്‍ 28 വയസ്സുകാരനായ സോയര്‍ ഹാര്‍ട്ടിന് ലഭിച്ചത്. നിര്‍ദ്ദേശം അനുസരിച്ച്, ദിവസവും ജെല്‍ തലയില്‍ പുരട്ടാന്‍ തുടങ്ങി. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ''എനിക്ക് ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടായി, അത് വളരെ പ്രകടമായിരുന്നു. പഴയ കാമുകിയെ കാണാന്‍ പോയപ്പോഴാണ് അതൊരു വലിയ പ്രശ്‌നമാണെന്ന് മനസ്സിലായത്. ഇതോടെ അത് നിര്‍ത്തി '' - സോയര്‍ ഹാര്‍ട്ട് പറഞ്ഞു.
മരുന്നിന്റെ പാര്‍ശ്വഫലമായി സോയര്‍ ഹാര്‍ട്ടിന് വൃഷണങ്ങളില്‍ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. മരുന്ന് നിര്‍ത്തിയ ശേഷം ജനനേന്ദ്രിയത്തിനുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പുറമെ അമിതമായ ഉത്കണ്ഠ വേട്ടയാടി. മറ്റ് ആളുകളുടെ അടുത്ത് പോലും പോകാന്‍ ബുദ്ധിമുട്ടായി, പലപ്പോഴും കണ്ണില്‍ നോക്കാന്‍ പോലും കഴിഞ്ഞില്ലെന്നും സോയര്‍ വെളിപ്പെടുത്തി. അതേസമയം മാര്‍ക്ക് മിലിച്ച് ഫിനസ്റ്റെറൈഡ് കഴിച്ചതിന് ശേഷം തന്റെ ജനനേന്ദ്രിയം ചുരുങ്ങിയെന്നും ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടെന്നും വെളിപ്പെടുത്തി. ഫിനസ്റ്റെറൈഡ് നിര്‍ത്തിയതിന് ശേഷം ഉദ്ധാരണം സാധാരണ നിലയിലേക്ക് വരാന്‍ മാസങ്ങളെടുത്തു.
2011 ല്‍, നിരവധി ഉപയോക്താക്കള്‍ ഈ പ്രശ്‌നം അറിയിച്ചതിനെ തുടര്‍ന്ന്, ഫിനസ്റ്റെറൈഡിന്റെ പാര്‍ശ്വഫലങ്ങളുടെ പട്ടികയില്‍ വിഷാദ രോഗത്തെ എഫ്ഡിഎ ഉള്‍പ്പെടുത്തി. മുന്നറിയിപ്പ് ലേബലില്‍ ലൈംഗികശേഷിയില്ലായ്മ, സ്തനവളര്‍ച്ച, സ്തനങ്ങളില്‍ വേദന, ചര്‍മ്മത്തില്‍ തിണര്‍പ്പ് എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് പാര്‍ശ്വഫല സാധ്യതയുള്ളതായി പറയുന്നു. പുരുഷന്മാരില്‍ സ്തനാര്‍ബുദവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണി (DHT) ന്റെ അളവ് കുറയുന്നതിന്റെ ഫലമായി ഇത് സംഭവിക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തുടക്കത്തില്‍ ഗുളിക രൂപത്തില്‍ വിപണനം ചെയ്യപ്പെട്ടിരുന്ന ഈ മരുന്ന്, 2020 കളോടെ ലേപന രൂപത്തിലും ജെല്‍ രൂപത്തിലും പ്രചാരം നേടി. എന്നിരുന്നാലും, എഫ്ഡിഎ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. ഹിംസ്, കീപ്സ് തുടങ്ങിയ ടെലിഹെല്‍ത്ത് കമ്പനികള്‍ ഈ മരുന്ന് ഓണ്‍ലൈനില്‍ 30 ദിവസത്തെ ഉപയോഗത്തിന് ഏകദേശം $25 മുതല്‍ $90 വരെ വിലയ്ക്ക് വില്‍ക്കുന്നു. ഗുളിക, ലേപനം എന്നീ രണ്ട് രൂപങ്ങള്‍ക്കും സമാനമായ വിലയാണ് ഈടാക്കുന്നത്. ഈ മരുന്ന് ഫിനസ്റ്റെറൈഡ് ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണ്‍ (ഡിഎച്ച്ടി) ഉല്‍പാദനം തടയും. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോര്‍മോണാണ്. എന്നാല്‍ ഏകദേശം രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ രോഗികള്‍ക്ക് ഉദ്ധാരണക്കുറവ്, ലൈംഗികാസക്തി കുറയല്‍, ബീജം കുറയല്‍ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി ഡോക്ടര്‍മാരും വെളിപ്പെടുത്തിയിട്ടുണ്ട്.