ലണ്ടന്‍: ലണ്ടന്‍ നഗരത്തിന് ഉല്‍സവമായി മാരത്തോണ്‍. വിശ്വപ്രസിദ്ധമായ ലണ്ടന്‍ മാരത്തോണിന്റെ നാല്‍പത്തഞ്ചാം എഡിഷനില്‍ പുതിയ റെക്കോര്‍ഡോടെ കെനിയയുടെ സെബാസ്റ്റ്യന്‍ സാവേ പുരുഷ വിഭാഗത്തിലും ഇത്യോപ്യയുടെ ടിഗസ്റ്റ് അസഫേ വനിതാ വിഭാഗത്തിലും ജേതാക്കളായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 56,000 പേര്‍ മാരത്തോണില്‍ പങ്കെടുത്തു. ഓരോ വര്‍ഷവും നിരവധി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന ഈ മാരത്തോണില്‍ ന്യൂയോര്‍ക്ക് മാരത്തോണിലും പാരിസ് മാരത്തോണിലും സൃഷ്ടിക്കപ്പെട്ട നിരവധി റെക്കോര്‍ഡുകള്‍ പഴങ്കഥയായി. രാവിലെ ഗ്രീനിച്ച് പാര്‍ക്കില്‍ നിന്നും ആരംഭിച്ച് ബക്കിങ്ങാം പാലസ് വഴി 26.2 മൈല്‍ താണ്ടി ലണ്ടന്‍ മാളിനു മുന്നിലാണ് ഓട്ടം ഫിനിഷ് ചെയ്തത്. ടവര്‍ ബ്രിഡ്ജ്, കാനറി വാര്‍ഫ്, ബിഗ്‌ബെന്‍ വഴിയാണ് മാരത്തോണ്‍ കടന്നുപോയത്. റോഡിന്റെ ഇരു വശങ്ങളിലുമായി ലക്ഷങ്ങള്‍ മാരത്തോണ്‍ നേരില്‍ കാണാന്‍ തടിച്ചുകൂടി. കാലാവസ്ഥ കൂടി അനുകൂലമായതോടെ മാരത്തണിനെ ലണ്ടന്‍ നിവാസികള്‍ ആഘോഷമാക്കി മാറ്റി.
വിജയികള്‍ക്ക് 41,000 പൗണ്ടാണ് സമ്മാനത്തുക. ഇതിനു പുറമേ രണ്ടു മണിക്കൂര്‍ രണ്ടു മിനിറ്റില്‍ ഓട്ടം പൂര്‍ത്തിയാക്കിയ പുരുഷന്മാര്‍ക്കും രണ്ടു മണിക്കൂര്‍ 15 മിനിറ്റില്‍ താഴെ ഓടിയെത്തിയ വനിതകള്‍ക്കും 112,000 പൗണ്ട് ബോണസ് വീതിച്ചു നല്‍കി. മുന്‍ ക്രിക്കറ്റ് താരങ്ങളായ ആന്‍ഡ്രൂ സ്‌ടോസ്, അലിസ്റ്റര്‍ കുക്ക്, കൊമേഡിയന്‍ രമേഷ് രംഗനാഥന്‍, മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ജാക്ക് വില്‍ഷെയര്‍, ജോണ്‍ ടെറി, ലിയോനാഡോ ബൊനൂച്ചി തുടങ്ങിയ സെലിബ്രിറ്റികളും ഇക്കുറി മാരത്തണില്‍ പങ്കെടുത്തു. 840,318 അപേക്ഷകരാണ് ഇക്കുറി ഓട്ടത്തിനായി റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ നിന്നും നറുക്കെടുത്താണ് 56,000 പേരെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഏകദിന ഫണ്ട് റെയ്‌സിങ് ഇവന്റായ ലണ്ടന്‍ മാരത്തോണ്‍ ഇതിനോടകം 1.3 ബില്യന്‍ പൗണ്ടാണ് വിവിധ ചാരിറ്റികള്‍ക്കായി സമാഹരിച്ചിട്ടുള്ളത്. ഇത്തവണ ഓടുന്ന 103 ഓട്ടക്കാര്‍ 87 പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്.