ലണ്ടന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണങ്ങള്‍ പതിവായതോടെ സമാശ്വാസ നടപടികളുമായി പൊലീസ്. ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയുമായി (എഫ്‌ഐസിഐ) ചര്‍ച്ച നടത്തിയ അയര്‍ലന്‍ഡ് പൊലീസിലെ ഡൈവേഴ്‌സിറ്റി യൂണിറ്റ് ശക്തമായ നടപടികള്‍ ഉറപ്പുനല്‍കി. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുമുണ്ട്.
തലസ്ഥാനമായ ഡബ്ലിനിലും മറ്റു ഭാഗങ്ങളിലും ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം നടന്നിരുന്നു. കോട്ടയത്തു നിന്നുള്ള ദമ്പതികളുടെ മകളായ 6 വയസ്സുകാരിയാണ് ഒടുവില്‍ ആക്രമണത്തിന് ഇരയായത്. തെക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് സിറ്റിയിലുള്ള വീടിനു വെളിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കൗമാരക്കാരുടെ സംഘം ആക്രമിച്ചത്. ഇന്ത്യന്‍ വംശജര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.