ലണ്ടന്‍: യുകെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വീസകളുടെ എണ്ണത്തില്‍ ഇടിവ് തുടരുന്നതായി ഹോം ഓഫിസ് പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജൂണില്‍ അവസാനിച്ച വര്‍ഷം 98,014 വീസകള്‍ ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, 99,919 വീസകളുമായി ചൈനയ്ക്ക് തൊട്ടുപിന്നിലാണ്.
എന്നാല്‍, കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ കുറവുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികളുടെ ഭാഗമായി തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇരട്ടിയായി. കുടിയേറ്റ നിയമം ലംഘിച്ചതിന് 2715 ഇന്ത്യക്കാരാണ് തടവിലായത്. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടയച്ചു.