ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് അതിമാരകമായ റൈസിന്‍ വിഷം തയ്യാറാക്കിയതായി ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്). ഡല്‍ഹി, അഹമ്മദാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങളിലെ തിരക്കേറിയ പൊതുഭക്ഷ്യചന്തകളില്‍ ഭീകരര്‍ നിരീക്ഷണം നടത്തിയിരുന്നുവെന്നും എടിഎസ് വ്യക്തമാക്കി.
ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടി, അഹമ്മദാബാദിലെ നരോദ പഴച്ചന്ത, ലഖ്‌നൗവിലെ ആര്‍എസ്എസ് ഓഫീസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആറുമാസത്തിനിടെ ഡോക്ടര്‍ നിരീക്ഷണം നടത്തിയിരുന്നത്. ജനത്തിരക്കും പൊതുജന സാന്നിധ്യവും കൂടുതലുള്ള സ്ഥലങ്ങളാണ് ലക്ഷ്യമിട്ടതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. വിഷപദാര്‍ത്ഥങ്ങളോ സ്ഫോടകവസ്തുക്കളോ ഉപയോഗിച്ച് ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് സൂചനയുണ്ട്.
ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് ആണക്കിന്‍ കുരുവില്‍ നിന്നു വേര്‍തിരിച്ചെടുത്ത റൈസിന്‍ എന്ന പ്രോട്ടീന്‍ ഉപയോഗിച്ചാണ് വിഷം തയ്യാറാക്കിയതെന്ന് എടിഎസ് അറിയിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റൈസിന്‍ ഉപയോഗിക്കുന്നത് അപൂര്‍വമാണെങ്കിലും, വലിയ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അതീവ മാരകമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റൈസിന്‍ വിഷം തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും ഡോക്ടറുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകളും മറ്റ് വസ്തുക്കളും എടിഎസും കേന്ദ്ര ഏജന്‍സികളും സംയുക്തമായി വിശകലനം ചെയ്യുകയാണ്.
ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്ന മൂന്ന് ഭീകരരെയും എടിഎസ് പിടികൂടിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആസാദ് സുലൈമാന്‍ ഷേഖ്, മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം എന്നിവരും ഹൈദരാബാദില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് ഐഎസിന്റെ ഖൊരാസന്‍ പ്രവിശ്യാ തലവനായ അബു ഖാദിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നാണ് ഇയാള്‍ എംബിബിഎസ് ബിരുദം കരസ്ഥമാക്കിയതെന്നും എടിഎസ് അറിയിച്ചു.