ലണ്ടന്‍: ഇന്‍കം ടാക്സ് പദ്ധതി പിന്‍വലിക്കേണ്ടി വന്നതോടെ, ബജറ്റിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ള ഈ ഘട്ടത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പുതിയ നികുതി മാര്‍ഗങ്ങള്‍ തേടുകയാണ്. മിഡില്‍ ക്ലാസ് വീടുകള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് സമാഹരിക്കാനാണ് പുതിയ ലക്ഷ്യം.
ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ ഈ നികുതി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളില്‍ പെടുന്ന വീടുകളെ പുനര്‍മൂല്യനിര്‍ണ്ണയം ചെയ്ത് അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് ശ്രമം. ലേബര്‍ പാര്‍ട്ടി ഇത് ധനികരെ ലക്ഷ്യമിട്ടുള്ള നടപടിയാണെന്ന് വിശദീകരിച്ചെങ്കിലും, ബാന്‍ഡ് എഫ് വിഭാഗത്തില്‍ പെടുന്ന ഏകദേശം 1.3 മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഈ നികുതി ബാധകമാകും.
ലണ്ടനും സൗത്ത് ഈസ്റ്റും പോലുള്ള പ്രദേശങ്ങളിലെ വീടുകളുടെ ഉയര്‍ന്ന മൂല്യം കാരണം, അവിടുത്തെ കുടുംബങ്ങള്‍ക്ക് ഈ സര്‍ചാര്‍ജ് നല്‍കേണ്ടി വരും. നിലവില്‍ ശരാശരി 3,293 പൗണ്ട് വരെ കൗണ്‍സില്‍ ടാക്സ് നല്‍കുന്ന വീടുകള്‍ക്ക് നൂറുകണക്കിന് പൗണ്ട് അധികമായി നല്‍കേണ്ടി വരും. ബാന്‍ഡ് എഫ്, ജി, എച്ച് വിഭാഗങ്ങളിലെ 1.5 ലക്ഷം വീടുകളിലെ ഭൂരിഭാഗം ഉടമകള്‍ക്കും പ്രതിവര്‍ഷം ആയിരം പൗണ്ടിന്റെ പരിമിതിയില്‍ അധിക ചെലവ് വരും.
സാധാരണ ജോലിക്കാരെ ബാധിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്സ് പദ്ധതി പിന്‍വലിച്ചത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പണം കണ്ടെത്തേണ്ടതിന്റെ ആവശ്യകത ചാന്‍സലറെ പുതിയ മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതയാക്കി.
പ്രകടനപത്രിക ലംഘിക്കാതിരിക്കാന്‍ ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് റീവ്സ് ഇന്‍കം ടാക്സ് പദ്ധതി ഉപേക്ഷിച്ചത്. ഇതോടെ സാമ്പത്തിക വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മുന്‍പ് പ്രതീക്ഷിച്ചതിലും കുറവ് ധനക്കമ്മി നേരിട്ടാല്‍ മതിയെന്ന നിലപാടിലേക്കാണ് സര്‍ക്കാര്‍ തിരിഞ്ഞത്. എന്നാല്‍ നം.10-ല്‍ കീര്‍ സ്റ്റാര്‍മറും ട്രഷറിയില്‍ റീവ്സും സമ്മര്‍ദ്ദം നേരിടുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.