ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃസ്ഥാനം തറവാടിലാകുന്നുവെന്ന ആശങ്കകള്‍ ശക്തമാകുന്നു. തുടരെ ഗവണ്‍മെന്റിന് നേരിടുന്ന വീഴ്ചകള്‍ അദ്ദേഹത്തിനെതിരെ അണിയറ നീക്കങ്ങള്‍ സജീവമാകാന്‍ ഇടയാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ സ്റ്റാര്‍മറിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന മുന്നറിയിപ്പ് മുന്‍ ലേബര്‍ ഹോം സെക്രട്ടറി ലോര്‍ഡ് ഡേവിഡ് ബ്ലങ്കറ്റ് നല്‍കി.
സ്റ്റാര്‍മറിന്റെ ചുറ്റുമുള്ള ടീമിന്റെ കാര്യക്ഷമത കുറവാണ് പ്രധാന വിമര്‍ശനങ്ങള്‍??. രാഷ്ട്രീയ പരിചയമുള്ളവരെ നിയന്ത്രണ സ്ഥാനങ്ങളിലേക്ക് നിയോഗിക്കേണ്ടതിന്റെ ആവശ്യകതയും ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉന്നയിക്കുന്നു. നേതൃസ്ഥാനത്തിനായി വെസ് സ്ട്രീറ്റിംഗ് ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ബ്രീഫിംഗിന് പിന്നില്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്സ്വീനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജറ്റിന് തൊട്ടുമുന്‍പ് ഉണ്ടായ ആശയക്കുഴപ്പം ഗവണ്‍മെന്റിന് വലിയ വെല്ലുവിളിയാകുകയും ചെയ്തു. സ്റ്റാര്‍മറിന്റെ പിന്‍ഗാമിയാകാനുള്ള തയ്യാറെടുപ്പുകളില്‍ നാല് പ്രമുഖ നേതാക്കള്‍ സജീവമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ വെസ് സ്ട്രീറ്റിംഗ് തന്നെ മുന്‍പന്തിയിലാണെന്നാണ് വിലയിരുത്തല്‍. ആഞ്ചെല റെയ്നര്‍, ഷബാന മഹ്‌മൂദ്, എഡ് മിലിബന്ദ് എന്നിവരും പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ, ഇന്‍കം ടാക്സ് വര്‍ദ്ധന അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നതോടെ സ്റ്റാര്‍മറിന് എതിരായ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുകയാണ്.