ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമര്‍പ്പിക്കാനിരിക്കുന്ന അപകീര്‍ത്തി കേസിന് നിയമപരമായ അടിസ്ഥാനമില്ലെന്നും, അതിനെ ശക്തമായി നേരിടുമെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ ബിബിസിയുടെ ചെയര്‍മാന്‍ സമീര്‍ ഷാ വ്യക്തമാക്കി. ട്രംപിന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തതിനു മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നല്‍കാന്‍ ബിബിസി വിസമ്മതിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
13% വരുമാനത്തോളം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
ട്രംപ് ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക ബിബിസിയുടെ വാര്‍ഷിക വരുമാനത്തിന്റെ ഏകദേശം 13 ശതമാനത്തോളം വരുമെന്നാണ് റിപ്പോര്‍ട്ട്. ബിബിസിയുടെ വരുമാനം പ്രധാനമായും ബ്രിട്ടീഷ് ജനതയില്‍ നിന്ന് പിരിക്കുന്ന ലൈസന്‍സ് ഫീസ് വഴിയാണ് ലഭിക്കുന്നത്.
വൈറ്റ് ഹൗസിലേക്ക് മാപ്പ് കത്ത്; ഡോക്യുമെന്ററി പിന്‍വലിച്ചു
പ്രസംഗം എഡിറ്റ് ചെയ്തതിന്റെ പേരില്‍ ബിബിസി ചെയര്‍മാന്‍ സമീര്‍ ഷാ വൈറ്റ് ഹൗസിലേക്ക് വ്യക്തിഗതമായി കത്തയച്ച് മാപ്പ് ചോദിച്ചതായി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 'പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങള്‍ ചേര്‍ത്ത് ഒറ്റ തുടര്‍ച്ചയായ ഭാഗമായി കാണിച്ചതാണ് തെറ്റായ ധാരണയ്ക്ക് കാരണമായത്. ഇത് ട്രംപ് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന തെറ്റായ സന്ദേശം നല്‍കി,' ബിബിസി തിരുത്തല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡോക്യുമെന്ററി ഇനി ഒരു പ്ലാറ്റ്ഫോമിലും സംപ്രേക്ഷണം ചെയ്യില്ലെന്നും ബിബിസി അറിയിച്ചു.
അപകീര്‍ത്തി ആരോപണം തള്ളുന്നു, ഖേദം പ്രകടിപ്പിക്കുന്നു
വീഡിയോ എഡിറ്റിംഗില്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിച്ചെങ്കിലും, അപകീര്‍ത്തി കേസിന് നിയമപരമായ അടിസ്ഥാനമില്ലെന്ന നിലപാടില്‍ ബിബിസി ഉറച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തര്‍ക്കത്തില്‍ നിന്ന് പിന്‍മാറാന്‍ ട്രംപ് തയാറല്ലെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.