ലണ്ടന്‍: ക്ലോഡിയ കൊടുങ്കാറ്റ് ഞായറാഴ്ച വൈകിട്ട് പിന്മാറിയതോടെ വെയില്‍സിലെ വെള്ളപ്പൊക്ക ബാധിച്ച പ്രദേശങ്ങള്‍മായി സാധാരണ നിലയിലേക്ക് മടങ്ങുന്നു. വീടുകളും വ്യാപാര സ്ഥാപനങ്ങളും വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
ആര്‍ട്ടിക് കാറ്റ് വീശും; തണുപ്പ് കനക്കും
കാലാവസ്ഥാ പ്രവചകരുടെ മുന്നറിയിപ്പ് പ്രകാരം ഈ ആഴ്ച യുകെയിലുടനീളം തണുത്ത ആര്‍ട്ടിക് കാറ്റ് വീശാനാണ് സാധ്യത. ഇതിന്റെ ഫലമായി താപനില കുതിച്ചിറങ്ങും. ഇംഗ്ലണ്ടിന്റെ വടക്കന്‍, മധ്യഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ യെല്ലോ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ചക്കും ഹിമപാതത്തിനും സാധ്യത
ചൊവ്വാഴ്ചയോടെ സ്‌കോട്ട്‌ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലുമുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍, കിഴക്കന്‍ തീരങ്ങള്‍, വടക്കന്‍ അയര്‍ലന്‍ഡ്, പടിഞ്ഞാറന്‍ വെയില്‍സ്, തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ചതുപ്പുകള്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനൊപ്പം ഹിമപാതം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
-7°C വരെ താപനില കുറയാം
രാത്രികാല താപനില -7 ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്താനാണ് സാധ്യത. പകല്‍ സമയത്ത് യുകെയുടെ മിക്ക ഭാഗങ്ങളിലും 5-10°C വരെ ഉയര്‍ന്ന താപനില പ്രതീക്ഷിക്കാം.
മഴയും മഞ്ഞുവീഴ്ചയും വീണ്ടും
ചൊവ്വാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം മഴയും മഞ്ഞുവീഴ്ചയും കൊണ്ടുവരും. പ്രത്യേകിച്ച് യുകെയുടെ വടക്കന്‍ പകുതിയിലും പര്‍വതപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
മോണ്‍മൗത്തിലെ വെള്ളപ്പൊക്കം ചരിത്രത്തില്‍
വെയില്‍സിലെ മോണ്‍മൗത്തില്‍ ഉണ്ടായ വെള്ളപ്പൊക്കം 2020 ലെ സ്റ്റോം ഡെന്നിസിനെയും 2024 ലെ സ്റ്റോം ബെര്‍ട്ടിനെയും മറികടന്നതായാണ് റിപ്പോര്‍ട്ട്. മോണോ നദിയിലെ ജലനിരപ്പ് റെക്കോര്‍ഡ് തലത്തിലെത്തി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് പ്രവര്‍ത്തിച്ച കാഴ്ച അപൂര്‍വമായിരുന്നു.
ആരോഗ്യ മുന്നറിയിപ്പ് ശക്തം
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച യെല്ലോ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ടുകള്‍ തിങ്കളാഴ്ച രാവിലെ 08:00 മുതല്‍ വെള്ളിയാഴ്ച 08:00 വരെ നിലവിലുണ്ടാകും. തണുപ്പിന്റെ ആഘാതം ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന മുന്നറിയിപ്പാണ് ഏജന്‍സി നല്‍കുന്നത്.
തണുപ്പിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും മുന്നൊരുക്കങ്ങളുമായി യുകെ മുന്നോട്ട് പോവുകയാണ്.